മലപ്പുറത്ത് വിജിലൻസെത്തിയപ്പോള്‍ കൈക്കൂലിപ്പണം  ക്ലോസറ്റിൽ ഉപേക്ഷിച്ച് ഫ്ലഷ് ചെയ്ത് ഹെൽത്ത് ഇൻസ്‌പെക്ടർ. തിരൂരങ്ങാടി നഗരസഭയിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ തിരുവനന്തപുരം സ്വദേശി ശ്രീജിയാണ്  വിജിലൻസ് പിടിയിലായത്.

തെളിവെടുപ്പിനിടെ കൈക്കൂലി പണം ശ്രീജിയുടെ വാടക വീട്ടിലെ പൈപ്പിൽ നിന്ന് കണ്ടെത്തി. പ്രവാസി വനിത കൊടിഞ്ഞിയിൽ തുടങ്ങാനിരുന്ന ഹോട്ടലിനും, ജ്യൂസ് ഷോപ്പിനും വേണ്ടി ലൈസൻസിന് ഓൺലൈനായി അപേക്ഷ നൽകിയത്. എന്നാൽ അപേക്ഷയിൽ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ആദ്യ അപേക്ഷ നിരസിച്ചു. പിഴവുകൾ തിരുത്തി വീണ്ടും അപേക്ഷ നൽകിയെങ്കിലും അതും നിരസിച്ചതിനെ തുടർന്ന് യുവതി പരിചയക്കാരനായ  ശ്രീജിയെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു.

അപ്പോഴാണ് ലൈസൻസ് അനുവദിക്കുന്നതിന് ശ്രീജി 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കൂലി നൽകാൻ തയ്യാറാകാതിരുന്ന യുവതി വിവരം മലപ്പുറം വിജിലൻസിനെ അറിയിച്ചു.

തുടർന്ന് വിജിലൻസ് സംഘം യുവതിയുമായി ചേർന്ന് ഉദ്യോഗസ്ഥനായി കെണിയൊരുക്കുകയായിരുന്നു. യുവതിയുടെ പരപ്പനങ്ങാടിയിലെ വീടിന് സമീപം എത്തി പണം കൈപ്പറ്റാമെന്ന് ശ്രീജി സമ്മതിച്ചു. ഇതനുസരിച്ച് യുവതിയുടെ വീടിന് സമീപത്തെത്തിയ ശ്രീജി കൈക്കൂലി പണം സ്വീകരിക്കുന്നതിനിടെ വിജിലൻസ് സംഘം എത്തുകയായിരുന്നു. 

ഇതോടെയാണ് പ്രതി പണം വീട്ടിലെ ക്ലോസറ്റിന് ഉള്ളിലേക്കിട്ടത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ വാടക വീട്ടിലെത്തിച്ച് പൈപ്പ് തകർത്ത് കൈക്കൂലി പണം വിജിലൻസ് കണ്ടെത്തി. പ്രതിക്കെതിരെ വകുപ്പ് തല നടപടി ഉടനുണ്ടാകും.

Health inspector bribery case in Malappuram involves a public health inspector who attempted to flush bribe money down a toilet when vigilance officials arrived.: