കൈക്കൂലി വാങ്ങിയതിന് നാലര വര്‍ഷം മുന്‍പ് അറസ്റ്റിലായ ഉദ്യോഗസ്ഥയെ പിരിച്ചുവിട്ട എംജി സർവകലാശാലയുടെ നടപടി ഗവർണർ റദ്ദാക്കി. പിരിച്ചുവിടല്‍ നടപടി സസ്പെൻഷനായി നിലനിർത്തി വീണ്ടും അന്വേഷിക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവർണര്‍ ഉത്തരവിട്ടു. എംജി സർവകലാശാല പരീക്ഷാഭവൻ അസിസ്റ്റന്‍റായിരുന്ന സി ജെ എൽസിയുടെ അപ്പീലിലാണ് ഉത്തരവ്.
എംജി സർവകലാശാല പരീക്ഷാഭവൻ അസിസ്റ്റന്‍റായിരുന്ന സി.ജെ.എൽസിയെ 2022 ജനുവരി 29 നാണ് വിജിലന്‍സ് അറസ്റ്റു ചെയ്തത്. 2022 ഡിസംബർ 23ന് സര്‍വകലാശാല എല്‍സിയെ പിരിച്ചുവിട്ടു. ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെ നടപടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി എൽസി നല്‍കിയ അപ്പീലിലാണ് കേസ് വീണ്ടും അന്വേഷിക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവർണര്‍ ഉത്തരവിട്ടത്. പിരിച്ചുവിടല്‍ നടപടി സസ്പെൻഷനായി നിലനിർത്തണമെന്നും നാലു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനുമാണ് ഗവര്‍ണറുടെ നിര്‍ദേശം.
കേസ് പഠിച്ച് റിപ്പോർട്ട് തയാറാക്കാൻ സിന്‍ഡിക്കറ്റ് അംഗങ്ങളായ രാജേഷ് കോമത്ത്, കെഎം മിജാസ്, ആതിരപ്രകാശ് എന്നിവരെ സിൻഡിക്കറ്റ് ചുമതലപ്പെടുത്തി. സര്‍വകലാശാലയിലെ ഇടതുസംഘടനയില്‍ അംഗമായിരുന്നു എല്‍സി. എംബിഎ പ്രൊവിഷനൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും കൈമാറുന്നതിന് തിരുവല്ല സ്വദേശിയായ വിദ്യാർഥിനിയുടെ കയ്യിൽ നിന്നു പലതവണയായി ഒന്നേകാല്‍ ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. പരീക്ഷാഭവനിൽ വച്ച് 15,000 രൂപ വാങ്ങുന്നതിനിടെയാണ് വിജിലൻസിന്‍റെ പിടിയിലായത്. വിജിലൻസ് റിപ്പോര്‍ട്ടിന് പുറമേ റജിസ്ട്രാർ, അസിസ്റ്റന്റ് റജിസ്ട്രാർ, നാലംഗ സിൻഡിക്കറ്റ് കമ്മിഷൻ എന്നിവരുടെ അന്വേഷണത്തെ തുടർന്നാണ് എല്‍സിയെ പിരിച്ചുവിട്ടത്.