ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ ടിക്കറ്റെടുത്തിട്ടും മെസിയെ വ്യക്തമായി കാണാന്‍ സാധിക്കാതെ പ്രതിഷേധിച്ച 33,000 ആരാധകർക്ക് പണം തിരികെ നൽകാനുള്ള നടപടികൾ ആരംഭിച്ചതായി ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. ദേശീയ കായിക ദിനാചരണത്തോട് അനുബന്ധിച്ച് നബന്നയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹത്തിന്‍റെ നിർണായക പ്രഖ്യാപനം. സംസ്ഥാനത്തിന്റെ കായിക ബജറ്റിൽ നിന്നാകും ഇതിനായുള്ള തുക കണ്ടെത്തുക. 4,000, 6,000 രൂപ നിരക്കുകളിൽ ടിക്കറ്റെടുത്ത കായിക പ്രേമികളുടെ തുക തിരികെ നൽകാൻ നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.

2025 ഡിസംബർ 13-നാണ് ലയണൽ മെസ്സിയുടെ ഇന്ത്യയിലെ 'ഗോട്ട്' പര്യടനത്തിന്റെ ഭാഗമായി കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തില്‍ പരിപാടി സംഘടിപ്പിച്ചത്. എന്നാൽ സംഘാടനത്തിലെ വീഴ്ചയും, വിഐപികളുടെയും ഉദ്യോഗസ്ഥരുടേയും അനാവശ്യമായ ഇടപെടലുകളും കാരണം സ്റ്റേഡിയത്തിൽ വലിയ രീതിയിലുള്ള തിക്കും തിരക്കും അരാജകത്വവും ഉടലെടുക്കുകയായിരുന്നു. ലൂയി സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവര്‍ക്കൊപ്പമാണ് മെസിയെത്തിയത്.

പരിപാടിയില്‍ ഫുട്ബോൾ ഇതിഹാസത്തെ ഒരു നോക്ക് കാണാൻ 50,000 ല്‍ അധികം ആളുകളാണ് സ്റ്റേഡിയത്തിലേക്ക് എത്തിയത്. 5,000 മുതൽ 45,000 രൂപ വരെയായിരുന്നു ടിക്കറ്റിനായി ഈടാക്കിയ തുക. ഇത്രയും പണം വാങ്ങിയിട്ട് മെസിയെ കാണാനായില്ല എന്നത് ആരാധകരെ രോഷം കൊള്ളിച്ചു. രോഷാകുലരായ ആരാധകര്‍ വേദിയിലേക്ക് കുപ്പികളും കസേരകളും വലിച്ചെറിയുകയും വസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് സ്റ്റേഡിയത്തിൽ ആരാധകരുടെ പ്രതിഷേധവും സംഘർഷവും ഉടലെടുക്കുകയും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.

അതേസമയം, കായിക മേഖലയിൽ മുൻ തൃണമൂൽ കോൺഗ്രസ് സർക്കാർ വരുത്തിയ വീഴ്ചകളെ സുവേന്ദു അധികാരി ശക്തമായി വിമർശിച്ചു. പല കായിക താരങ്ങൾക്കുള്ള നിയമന ഉത്തരവുകൾ വർഷങ്ങളായി മുഖ്യമന്ത്രിയുടെ ഓഫീസിൽ കെട്ടിക്കിടക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

‘അയൽക്കാരായ ഒഡീഷ, ജാർഖണ്ഡ്, ഹരിയാന എന്നിവര്‍ അവരുടെ കായികതാരങ്ങളുടെ നേട്ടങ്ങൾ കൊണ്ട് രാജ്യത്തിന് അഭിമാനം പകരുന്നത് കാണുമ്പോൾ, നമ്മുടെ കായികതാരങ്ങളുടെ സാധ്യതകൾ നാം തിരിച്ചറിയുകയും അവരെ എങ്ങനെ വളർത്തിയെടുക്കാമെന്ന് ആത്മപരിശോധന നടത്തുകയും വേണം. ബംഗാളിന് എവിടെയാണ് കുറവുള്ളതെന്ന് നമ്മൾ കാണണം. നമ്മുടെ കായിക പ്രതിഭകള്‍ക്ക് പ്രചോദനം ലഭിക്കാതിരുന്നതിന് കാരണം എന്താണ്?’– അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് കായികമേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 400 കോടി രൂപ കായിക മേഖലയ്ക്കായി നീക്കിവെച്ചിട്ടുണ്ടെന്നും, ബംഗാളിലെ 294 നിയമസഭാ മണ്ഡലങ്ങളിലും ഇൻഡോർ സ്റ്റേഡിയങ്ങൾ നിർമ്മിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Following a chaotic Lionel Messi event at Kolkata's Salt Lake Stadium on December 13, 2025, Suvendu Adhikari announced that the Bengal government has initiated steps to refund money to 33,000 fans who were unable to see Messi despite purchasing tickets. Speaking at a National Sports Day event at Nabanna, he stated that funds for ticket prices ranging between ₹4,000 and ₹6,000 would be allocated from the state's sports budget. Over 50,000 fans had gathered to witness Messi alongside Luis Suárez and Rodrigo De Paul, but mismanagement and VIP interference triggered violent protests and venue damage. Adhikari also criticized past administration failures in sports infrastructure and announced a ₹400 crore sports budget to build indoor stadiums across all 294 assembly constituencies.