എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
വിദേശ റഫറിമാർക്ക് ലൈംഗിക സേവനങ്ങൾ നൽകി എന്ന ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ മാപ്പ് പറഞ്ഞ് ദക്ഷിണ കൊറിയൻ ഫുട്ബോൾ അസോസിയേഷന്‍. പത്ത് വർഷത്തിലേറെ പഴക്കമുള്ള വിവാദത്തിലാണ് അസോസിയേഷൻ ഔദ്യോഗികമായി ഖേദപ്രകടനം നടത്തിയത്. 2011- 2012 കാലയളവിൽ ദക്ഷിണ കൊറിയയിൽ വെച്ച് നടന്ന രാജ്യാന്തര ഫുട്ബോൾ മത്സരങ്ങൾക്കിടെ വിദേശ റഫറിമാർക്ക് അസോസിയേഷൻ ലൈംഗിക സേവനങ്ങൾ നൽകിയതായി ദക്ഷിണ കൊറിയൻ മാധ്യമമായ ജെ.ടി.ബി.സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. 2014-ലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും 2012-ലെ ലണ്ടൻ ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
2016-ൽ നടന്ന കായിക മന്ത്രാലയത്തിന്‍റെ അന്വേഷണത്തിലാണ് 2011 മാർച്ചിനും 2012 മാർച്ചിനും ഇടയിൽ ഏഴ് തവണ അസോസിയേഷൻ ഇത്തരം ‘സേവനങ്ങള്‍’ റഫറിമാർക്ക് നൽകിയതായി കണ്ടെത്തിയത്. മാത്രമല്ല, ലൈംഗികസേവനത്തിനുള്ള ചെലവ് ഉൾപ്പെടെ ഏറ്റെടുക്കുകയും മസാജ് പാർലറുകളിൽ പോകുന്നതിനും മറ്റുമായി അസോസിയേഷന്റെ ഫണ്ട് ഉപയോഗിച്ചതായും റിപ്പോർട്ടിലുണ്ട്. അസോസിയേഷനുണ്ടായ വീഴ്ചകളിൽ അഗാധമായി ഖേദിക്കുന്നുവെന്നും ഇത്തരം അനുചിതമായ പെരുമാറ്റങ്ങളോ കോർപ്പറേറ്റ് കാർഡുകൾ ദുരുപയോഗം ചെയ്യുന്നതോ ആയ നടപടികൾ നിലവിൽ അസോസിയേഷനിൽ നടക്കുന്നില്ലെന്നും കെ.എഫ്.എ വ്യക്തമാക്കി.
അതേസമയം, ദേശീയ ഫുട്ബോൾ ടീം പരിശീലകനായ ഹോങ് മ്യുങ്-ബോയുടെ നിയമനവുമായി ബന്ധപ്പെട്ടും അസോസിയേഷൻ വലിയ സമ്മർദത്തിലാണ്. ഈ നിയമനവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണവും നടക്കുന്നുണ്ട്.