സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിൽ ശക്തമായ നിരയുമായാണ് കളത്തിലിറങ്ങുന്നതെന്ന് ഫോഴ്സ കൊച്ചി എഫ് സി. മികച്ച താരങ്ങളുടെ സാന്നിധ്യവും പ്രീ-സീസൺ മത്സരങ്ങളിലെ തകർപ്പൻ പ്രകടനവുമാണ് ടീമിന്‍റെ പ്രധാന കരുത്ത്. ഐ.എസ്.എൽ, ഐ-ലീഗ്, സന്തോഷ് ട്രോഫി ടൂർണമെന്റുകളിലെ പ്രമുഖ താരങ്ങളും ടീമിൽ അണി നിരക്കും.
പ്രമുഖ താരങ്ങളും പരിചയസമ്പന്നരായ പരിശീലകനും അടങ്ങുന്നതാണ് ഫോഴ്സ കൊച്ചി എഫ് സി. ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായ ദേബ്ജിത് മജ്ഉംദർ ടീമിന്റെ വല കാക്കും. അർജന്റീന, ബ്രസീൽ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദേശ താരങ്ങളും ഈ സീസണിൽ ഫോഴ്സ കൊച്ചി ജേഴ്സിയിൽ പന്ത് തട്ടും. ഇവരുടെ സാന്നിധ്യം ടീമിന്റെ ആക്രമണ - പ്രതിരോധ നിരകൾക്ക് കരുത്ത് പകരും. ബെൽജിയത്തിന്റെ മുൻ ലോക കപ്പ് താരം വിതാൽ ബൊർക്കൽമെൻസാണ് ഫോഴ്സ കൊച്ചിയുടെ മുഖ്യ പരിശീലകൻ.
ബ്രസീലിയൻ താരങ്ങളായ എലിറ്റൺ പാരഡിഞ്ഞോ ജൂനിയർ, പൗലോ ഹെൻറിക് സാന്‍റോസ്, അർജന്‍റീനിയൻ മിഡ്ഫീൽഡർ നഹുവൽ ജൊനാഥൻ പെരേര, മെക്സിക്കൻ വിങ്ങർ ഡീഗോ ഹെർണാണ്ടസ് ജിമെനെസ് തുടങ്ങിയവരാണ് ടീമിലെ പ്രമുഖർ.
പ്രീ-സീസൺ മത്സരങ്ങളിൽ മികവ് പുലർത്തിയ ഒന്‍പത് യുവതാരങ്ങൾക്ക് ടീമിൽ അവസരം ലഭിച്ചു. ഇതിൽ എറണാകുളം ജില്ലയിൽ നിന്ന് മാത്രം എട്ട് ഫുട്ബോൾ താരങ്ങൾ ടീമിൽ ഇടംനേടിയിട്ടുണ്ട്.