• 26ന് കാലിക്കറ്റ് എഫ്സിക്കെതിരെ കോഴിക്കോട് വച്ചാണ് തിരുവനന്തപുരം കൊമ്പൻസിന്റെ ആദ്യ മല്‍സരം

സൂപ്പർ ലീഗ് കേരള ഫുട്ബോളിന്റെ ആദ്യ രണ്ട് സീസണിൽ ബ്രസീലിയൻ താരങ്ങളായിരുന്നു കൊമ്പന്മാരുടെ കരുത്തായിരുന്നതെങ്കിൽ ഇത്തവണ അവർക്കൊപ്പം അംഗോള, ഘാന , കൊളംബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ താരങ്ങളും അണിനിരക്കും. ആദ്യ രണ്ട് സീസണിൽ തിരുവനന്തപുരം കൊമ്പൻസിന്റെ വിദേശ താരനിരയിൽ  ബ്രസീലിയൻ താരങ്ങളാണ് ഉണ്ടായിരുന്നത്. മൂന്നാം സീസണെത്തിയതോടെ അടവ് മാറ്റി പയറ്റുകയാണ് ടീം മാനേജ്മെന്റ്. സാംബ താളത്തിനൊപ്പം കൊംളബിയൻ കാപ്പിയുടെ വീര്യവും ആഫ്രിക്കൻ കരുത്തും കൂട്ടിയിണക്കിയാണ്  കൊമ്പന്മാർ എത്തുന്നത്. 

മധ്യനിരയിൽ നിന്ന് ക്യാപ്റ്റൻ മോട്ട നൽകുന്ന പാസുകൾ വലയിലെത്തിക്കാൻ മുന്നേറ്റ നിരയിൽ ബ്രസീലിൽ നിന്ന് തന്നെയുള്ള പൗലോ സെസാറുണ്ടാകും. അറ്റാക്കിങ്  മിഡ്ഫീൽഡർ അംഗോളക്കാരൻ കിയറ്റലുവ തദേവു നോർബെർട്ടോ ഇമൗസാണ് ഇത്തവണ കൊമ്പന്മാർ ടീമിലെത്തിച്ച മറ്റൊരു വിദേശ താരം. 

ഘാനയിൽ നിന്നുള്ള സ്റ്റീഫൻ അക്വിന, ജോസഫ് ഗോർഡൻ, കൊളംബിയയിൽ നിന്നുള്ള ഹൊസെ ലൂയിസ് മൊറീഞ്ഞോ എന്നിവരാണ് ഇത്തവണ കൊമ്പന്മാർക്കായി പ്രതിരോധ മതിൽ തീർക്കുന്ന വിദേശ താരങ്ങൾ. ശ്രാവൺ ഷെട്ടി, ഷാനു സ്റ്റെല്ലസ്, പ്രീതം കുമാർ സിംഗ്, അഭിറാം, മുഹമ്മദ് സനൂത്, സുരാജ് നേഗി എന്നിവരും പ്രതിരോധ നിരയിലുണ്ടാകും. 

അരിസ്റ്റോൺ കോസ്റ്റ, ഹരിതിക് ആന്റണി,  ഗോകുൽ, കപിൽ ഹോബ്ലെ, ഹെബി ക്ലമെന്റ്, അക്ഷയ്, മൽസാംത് ലുവാംഗ എന്നിവർ മധ്യനിരയിൽ തന്ത്രം മെനഞ്ഞും വശങ്ങളിലൂടെ ആക്രമിച്ച് കളിച്ചും മുന്നേറും. ഷിജിൻ, ഖാലിദ് റോഷൻ, മുഹമ്മദ് നിസാം, ജംഷീദ് അലി തുടങ്ങിയവരാണ് മുന്നേറ്റ നിരയിലെ തദ്ദേശീയർ. 

സത്യജിത് ബോർദലോയ്, സപൻ സിംഗ്, ഫെമിൻ ആന്റണി തുടങ്ങിയവരാണ് ടീമിൽ ഇടംപിടിച്ച ഗോൾകീപ്പർമാർ. ഓസ്ട്രേലിയയിൽ നിന്നുള്ള ഇയാൻ ഗില്ലനാണ് മുഖ്യപരിശീലകൻ. സനുഷ് രാജാണ് സഹപരിശീലകൻ. വി.എസ്.അഭിലാഷാണ് ടീം മാനേജർ.

കിരീടം സ്വപ്നം കണ്ട് ഇറങ്ങുന്ന ടീം കൊമ്പനെ കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ നിറകയ്യടികളോടെ ആരാധകര്‍ വരവേറ്റു. ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോൺ ഈ സീസണിലെ ടീം ജഴസി വ്യവസായിയും പൊതുപ്രവർത്തകനുമായ എസ്.എൻ.രഘുചന്ദ്രൻ നായർക്ക് നൽകി പ്രകാശനം ചെയ്തു.  തിരുവനന്തപുരം കൊമ്പൻസിന്റെ മാനേജിംഗ് ഡയറക്ടർ കെ.സി.ചന്ദ്രഹാസൻ, ഉപദേശക സമിതി ഡയറക്ടറും സംസ്ഥാന ആസൂത്രണ ബോർഡ് അംഗവുമായ ജി. വിജയരാഘവൻ, ഡയറക്ടറും സിഇഒയുമായ അഭയ് കുമാർ എൻ എസ്സ്, സ്പോര്‍ട്ടിങ് ഡയറക്ടർ ടെറൻസ് അലക്സ്, ഡയറക്ടർ അനിൽ കുമാർ, എസ്എഫ്എസ് ഉടമ ശ്രീകാന്ത്, ലവലകൃഷ്ണൻ വ്യവസായി ഇ എം നജീബ് , ഫൈസ് മഹമ്മദ് , സ്പോൺസർമാരായ അദാനി, കിംസ് ഹെല്‍ത്ത്, ഗോയ്ഥെ സെന്‍ട്രം എന്നിവരുടെ പ്രതിനിധികളും  ടീമിന് ആശംസകൾ നേർന്നു. ഈ മാസം 26ന് കാലിക്കറ്റ് എഫ്സിക്കെതിരെ കോഴിക്കോട് വച്ചാണ്  തിരുവനന്തപുരം കൊമ്പൻസിന്റെ ആദ്യ മല്‍സരം.

ENGLISH SUMMARY:

Thiruvananthapuram Kombans FC announced their squad for Season 3 of Super League Kerala, blending Brazilian talent with players from Angola, Ghana, and Colombia. Led by Australian head coach Ian Gillan, the team features key international recruits including Paulo Cesar and Kiataluva Tadeu. Transport Minister C.P. John launched the new team jersey at Kanakakkunnu. The Kombans kick off their campaign against Calicut FC in Kozhikode on September 26.