സൂപ്പർ ലീഗ് കേരള മൂന്നാം സീസണില്‍ തിരുവനന്തപുരം കൊമ്പൻസിന്‍റെ മുഖ്യ പരിശീലകനായി സ്കോട്ട്ലന്‍ഡ് വംശജനും ഓസ്ട്രേലിയൻ കോച്ചുമായ ഇയാൻ ആൻഡ്രൂ ഗില്ലനെ നിയമിച്ചു. എസ്എൽകെയുടെ ആദ്യ സീസണിൽ കാലിക്കറ്റ് എഫ്സിയെ കിരീടത്തിലേക്ക് നയിച്ചത് ഗില്ലനാണ്.
തിരുവനന്തപുരത്തെ ഹോംബ്രിഡ്ജിൽ നടന്ന ചടങ്ങിൽ കിംസ് ഹെൽത്ത് സിഎംഡിയും ടീം കൊമ്പൻസ് ഉപദേശക സമിതി ചെയർമാനുമായ ഡോ. എം.ഐ.സഹദുള്ള പുതിയ കോച്ചിനെ പരിചയപ്പെടുത്തി. ടീം കൊമ്പൻസ് മാനേജിങ് ഡയറക്ടർ കെ.സി.ചന്ദ്രഹാസൻ, ടെക്നോപാർക്ക് സ്ഥാപക സിഇഒയും സംസ്ഥാന ആസൂത്രണ ബോർഡ് അംഗവുമായ ജി.വിജയരാഘവൻ, ഡയറക്ടർമാരായ ടെറൻസ് അലക്സ്, കൊമ്പൻസ് ഡയറക്ടറും സിഇഒയുമായ അഭയ് കുമാർ എൻ.എസ്. തുടങ്ങിയവർ ആശംസ നേർന്നു.
വിദേശ കളിക്കാരെ അമിതമായി ആശ്രയിക്കുന്നത് ഇന്ത്യൻ ഫുട്ബോളിന് ഗുണം ചെയ്യില്ലെന്ന് കോച്ച് ഇയാൻ ഗില്ലൻ അഭിപ്രായപ്പെട്ടു. നിലവിൽ എല്ലാ പ്രധാന ലീഗുകളിലും മുഖ്യകളിക്കാര്‍ വിദേശ താരങ്ങളാണ്. ഇത് മികച്ച ഇന്ത്യൻ കളിക്കാരെ വാര്‍ത്തെടുക്കുന്നതിന് തടസമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യൻ കളിക്കാരെ രാജ്യാന്തര മികവിലെത്തിക്കുകയാകണം ഇവിടെയുള്ള ലീഗുകളുടെ ലക്ഷ്യം. ഇക്കാര്യത്തിലാണ് സൂപ്പർ ലീഗ് കേരള വ്യത്യസ്തമാകുന്നത്. 23 വയസില്‍ താഴെയുള്ള സ്വദേശികളായ രണ്ട് കളിക്കാരെ എല്ലാ മത്സരത്തിലും ഇറക്കണമെന്നാണ് എസ്എൽകെയുടെ നിബന്ധന. ഇത് രാജ്യാന്തരനിലവാരമുള്ള ഇന്ത്യന്‍ താരങ്ങളെ വാർത്തെടുക്കാൻ സഹായിക്കും’ – ഇയാൻ ഗില്ലൻ പറഞ്ഞു.
ഏത് വെല്ലുവിളിയും നേരിടാൻ കരുത്തുള്ള കളിക്കാരാണ് ഇത്തവണ ടീം കൊമ്പൻസിന്‍റെ ക്യാംപിലുള്ളത്. ഈ സീസണിൽ നൂറ് ശതമാനം കഴിവും പുറത്തെടുക്കുമെന്ന ഉറപ്പാണ് ആരാധകർക്ക് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഴത്തിൽ ഫുട്ബോൾ വേരുകളുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ ഇവിടെ നിന്ന് രാജ്യാന്തര നിലവാരമുള്ള കളിക്കാർ വരുന്നില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 26ന് കാലിക്കറ്റ് എഫ്സിക്കെതിരെയാണ് തിരുവനന്തപുരം കൊമ്പൻസിന്റെ ആദ്യ മത്സരം. കോഴിക്കോടാണ് വേദി.