കഴിഞ്ഞ രണ്ട് സീസണുകളിലെ നിരാശ മറന്ന് കേരള ക്രിക്കറ്റ് ലീഗില്‍ ശക്തമായ സാന്നിധ്യമറിയിക്കാനൊരുങ്ങുകയാണ് ട്രിവാന്‍ഡ്രം റോയല്‍സ്. കഴിഞ്ഞ സീസണിലെ പോരായ്മകള്‍ പരിഹരിക്കാനുള്ള മികച്ച ടീമിനെയാണ് ഇത്തവണ റോയല്‍സ് കളത്തിലിറക്കുന്നത്.
ആദ്യ സീസണില്‍ മൂന്നാം സ്ഥാനത്തും കഴിഞ്ഞ സീസണില്‍ അഞ്ചാം സ്ഥാനത്തുമാണ് ട്രിവാന്‍ഡ്രം റോയല്‍ ഫിനിഷ് ചെയ്തത്. ബോളിങ്ങിലും ബാറ്റിങ്ങിലും ഒരു പോലെ ഫിനിഷിങില്‍ പിഴച്ചതാണ് മോശം പ്രകടനത്തിന്‍റെ കാരണമായത്. ആ കുറവ് നികത്തുക ലക്ഷ്യമിട്ടാണ് മൂന്നാം സീസണിലേക്കുള്ള ടീമിനെ ഒരുക്കിയത്.
കഴിഞ്ഞ സീസണിലെ ടോപ്സ്കോററായ ക്യാപ്റ്റന്‍ കൃഷ്ണപ്രസാദിനെ നിലനിര്‍ത്തിയതിനൊപ്പം അനുഭവ സമ്പന്നനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വിഷ്ണു വിനോദിനെ കൂടി എത്തിച്ചതോടെ ഏറ്റവും മികച്ച ഓപണിങ് കൂട്ടുകെട്ടിനെയാണ് ടീമിന് ലഭിച്ചിരിക്കുന്നത്. ഡെത്ത് ഓവറുകളില്‍ മികച്ച രീതിയില്‍ ഇന്നിങ്സ് ഫിനിഷ് ചെയ്യാന്‍ ശേഷിയുള്ള അക്ഷയ്, സിജോ മോന്‍ ജോസഫിനെ പോലുള്ള ഓള്‍റൗണ്ടര്‍മാരും ചേരുന്നതോടെ കരുത്തുറ്റ ബാറ്റിങ് നിരയായി റോയല്‍സ് മാറും.
പക്ഷെ ബാറ്റിങ്ങ് നിരയുമായി താരതമ്യം ചെയ്യുമ്പോള്‍ ബൗളിങില്‍ അത്ര റോയലല്ല ടീം. ഓള്‍റൗണ്ടര്‍മാരുടെ പ്രകടനം ആ കുറവ് നികത്തുമെന്നതാണ് പ്രതീക്ഷ.