ആറ്റിങ്ങലിൽ വാഹന പരിശോധനയ്ക്കിടെ മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. ഉദ്യോഗസ്ഥൻ കൈകാണിച്ചിട്ടും നിർത്താതെ അമിതവേഗത്തില്‍ പാഞ്ഞ കാർ മറ്റൊരു ഉദ്യോഗസ്ഥനെയും ഇടിച്ചുതെറിപ്പിച്ചു. കാറിന്റെ ബോണറ്റിലേക്ക് തെറിച്ചുവീണ ഉദ്യോഗസ്ഥൻ അദ്ഭുതകരമായി പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ഒടുവിൽ നാട്ടുകാരും ഉദ്യോഗസ്ഥരും ചേർന്ന് കാർ വളഞ്ഞ് വാഹനമോടിച്ചിരുന്ന മണനാക്ക് സ്വദേശി ആഷിക്കിനെ പിടികൂടുകയായിരുന്നു. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനില്‍ ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം.
ആലംകോട് ഭാഗത്തുനിന്ന് അമിതവേഗതയിലെത്തിയ കാർ കച്ചേരി ജംഗ്ഷനിൽ വച്ച് ബി.ടി.എസ് റോഡിലേക്ക് തിരിഞ്ഞു. വാഹനത്തിലെ രൂപമാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ വാഹനം നിർത്താൻ കൈകാണിച്ചെങ്കിലും ഡ്രൈവർ വാഹനം നിർത്താതെ വെട്ടിച്ച് തിരുവനന്തപുരം ഭാഗത്തേക്ക് പാഞ്ഞ് പോകാന്‍ ശ്രമിക്കുകയായിരുന്നു.
ഇതിനിടയില്‍ മറ്റൊരു മോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ വാഹനത്തിന് കൈകാണിച്ച് തടയാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ വീണ്ടും അപകടമുണ്ടാക്കുന്ന രീതിയില്‍ നീങ്ങാന്‍ ശ്രമിച്ചു. ഇതിനിടെ ഉദ്യോഗസ്ഥനെ കാറിടിക്കുകയും അദ്ദേഹം കാറിന്റെ ബോണറ്റിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു.
ഉദ്യോഗസ്ഥനെ ഇടിച്ചിട്ടും വാഹനം നിർത്താതെ മുന്നോട്ടുപോയ ഡ്രൈവർ പിന്നീട് കാർ പിന്നോട്ടെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ മോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് വാഹനം വളഞ്ഞു. വാഹനത്തിന്റെ രൂപമാറ്റം പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നാണ് ആഷിക്കിന്റെ മറുപടി.
വാഹനത്തിലെ രൂപമാറ്റവുമായി ബന്ധപ്പെട്ട നിയമലംഘനം ചൂണ്ടിക്കാട്ടി നാല്‍പ്പത്തി രണ്ടായിരം രൂപയാണ് മോട്ടര്‍ വാഹനവകുപ്പ് പിഴ ചുമത്തിയത്. ഇതിനുപുറമെ, അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചതില്‍ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും മോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.