കൊളംബിയക്കാര്‍ക്ക് ഫുട്ബോളെന്നാല്‍ വെറുമൊരു കളിയല്ല, ചോരയുടെ ചുവപ്പും കണ്ണീരിന്‍റെ ഉപ്പും പ്രതികാരത്തിന്‍റെ ചൂടും നിറഞ്ഞതാണ്. ആന്ദ്രേസ് എസ്കോബാറിന്‍റെ വിധിയാണ് ഓരോ കൊളംബിയന്‍ ഫുട്ബോള്‍ താരത്തിനും മുന്നിലുള്ള സിഗ്നല്‍. ഒരു തോല്‍വി ചിലപ്പോള്‍ ജീവനെടുത്തേക്കാം. ആ മഹാവെല്ലുവിളിയും തകര്‍ത്താണ് ജയിംസ് റോഡ്രിഗസ് കൊളംബിയന്‍ ഫുട്ബോളിന്‍റെ അടയാളമായി മാറിയത്. 

'എന്‍റെ ഹൃദയത്തില്‍ നിന്ന് ഞാന്‍ പറയുകയാണ്.. കൊളംബിയന്‍ ദേശീയ ടീമിന് വേണ്ടി ഞാന്‍ പിച്ചില്‍ ഇറങ്ങിയപ്പോളെല്ലാം, കളിച്ചത് എനിക്ക് വേണ്ടിയല്ല, എന്‍റെ കുടുംബത്തിന് വേണ്ടി.. എന്‍റെ ടീമിന് വേണ്ടി.. എന്‍റെ രാജ്യത്തിന് വേണ്ടിയായിരുന്നു. പത്താം നമ്പര്‍ ജഴ്സിയും ക്യാപ്റ്റന്‍റെ ആം ബാന്‍ഡും ധരിക്കാന്‍ ഭാഗ്യമുണ്ടായി. എന്‍റെ മക്കള്‍ അവരുടെ അച്ഛനെ കുറിച്ച് അഭിമാനിക്കേണ്ടത് എത്ര ഗോളടിച്ചു എന്നതുവെച്ചല്ല, ഈ രാജ്യത്തോട് കാണിച്ച സ്നേഹത്തിന്‍റേയും ആത്മസമര്‍പ്പണത്തിന്‍റേയും പേരിലായിരിക്കണം,' ഇത് പറയുന്നത് കൊളംബിയന്‍ ഫുട്ബോള്‍ ലോകത്തിന് സമ്മാനിച്ച ഏറ്റവും മികച്ച അറ്റാക്കിങ് മിഡ്ഫീല്‍ഡറാണ്.

ജയിംസ് ഡേവിഡ് റോ‍ഡ്രിഗസ് റൂബിയോ..

2007 ല്‍ അണ്ടര്‍ 17നിലൂടെ വന്ന പയ്യന്‍ 2011ല്‍ ദേശീയ ടീമില്‍. കൊളംബിയയ്ക്കായി ബൂട്ടുകെട്ടിയ 131 മല്‍സരങ്ങളില്‍ നിന്ന് 31 ഗോളുകള്‍ നേടി. 2014 ലോകകപ്പായിരുന്നു റോഡ്രിഗസിനെ അടയാളപ്പെടുത്തിയ ടൂര്‍ണമെന്‍റ്. 6 ഗോളുകളുമായി ടോപ് സ്കോററായ താരം ഗോള്‍ഡന്‍ ബൂട്ടുമായാണ് കളം വിട്ടത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസിലീനോട് തോറ്റ് പുറത്തായപ്പോള്‍ കരഞ്ഞുകലങ്ങിയ റോഡ്രിഗസിനെ ആശ്വസിപ്പിക്കാന്‍ ഓടിയെത്തിയവരില്‍ ബ്രസീലിയന്‍ താരങ്ങളുമുണ്ടായിരുന്നു. അതുവരെയുള്ള കൊളംബിയന്‍ പോരാട്ടത്തിന്‍റെ ഇന്ധനം അവനാണെന്ന് ലോകം മുഴുവന്‍ അംഗീകരിച്ചു. 2014, 2018, 2026 ലോകകപ്പുകളില്‍ രാജ്യത്തിനായി ബൂട്ടണിഞ്ഞു.

ക്ലബ് കരിയറിലും തന്‍റേതായൊരിടം സൃഷ്ടിച്ചു. 2014 ല്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മഡ്രിഡ് പാളയത്തിലേക്കുള്ള ചേക്കേറല്‍ ആയിരുന്നു ഹൈലൈറ്റ്. ക്രിസ്റ്റ്യാനോയ്ക്ക് പിന്നില്‍ നിഴലാകുമെന്ന തോന്നലില്‍ ലോണ്‍ വ്യവസ്ഥയില്‍ രണ്ട് വര്‍ഷത്തിന് പിന്നാലെ ബയേണിലേക്ക്. അവിടുന്ന് വീണ്ടും പല ക്ലബുകളും മാറി. ഇടയ്ക്ക് പരുക്കുകളും അലട്ടി. 2026ല്‍ കൊളംബിയയെ നയിച്ചെത്തിയപ്പോള്‍ വലിയ പ്രതീക്ഷകളില്ലായിരുന്നു. പക്ഷേ റോണോയുടെ പോര്‍ച്ചുഗലിനെ പൂട്ടിയതടക്കം മികച്ച മല്‍സരങ്ങള്‍ സമ്മാനിച്ചു. ആം ബാന്‍ഡും ബൂട്ടും അഴിച്ചുവെച്ച് മടങ്ങുമ്പോള്‍ ഇനിയൊരു ജെയിംസ് റോഡ്രിഗസിനെ കിട്ടുമോയെന്ന കാത്തിരിപ്പിനാണ് കൊളംബിയയില്‍ തുടക്കമാകുന്നത്. 

ENGLISH SUMMARY: