കൊളംബിയൻ പോപ് ഗായിക ഷക്കീറയും നൈജീരിയൻ ഗായകൻ ബർണാ ബോയിയും ഒരുമിച്ച ലോകകപ്പ് ഔദ്യോഗിക ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി. ലയണൽ മെസി, കിലിയൻ എംബാപ്പെ, ഹാരി കെയിൻ തുടങ്ങിയ സൂപ്പർ താരങ്ങൾ വീഡിയോയിൽ അണിനിരക്കുന്നുണ്ട്.
'ഞങ്ങൾ തയ്യാർ' എന്ന് പ്രഖ്യാപിച്ച് സൂപ്പർ താരങ്ങൾ കളത്തിലിറങ്ങുന്നതോടെയാണ് നാല് മിനിറ്റ് ദൈർഘ്യമുള്ള ഈ ആൽബം ആരംഭിക്കുന്നത്. ഹന്ന ലക്സ് ഡേവിസാണ് വീഡിയോ സംവിധാനം ചെയ്തത്. മെക്സിക്കോ സിറ്റിയിലെ ചരിത്രപ്രസിദ്ധമായ ‘ഏഞ്ചൽ ഓഫ് ഇൻഡിപെൻഡൻസ്’ സ്മാരകത്തിന് മുകളിലാണ് ഷക്കീറ പ്രത്യക്ഷപ്പെടുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ വൈറലായ പ്രശസ്ത കുട്ടി നർത്തകരും വിഡിയോയിൽ ഷക്കീറയ്ക്കൊപ്പം ചുവടുവയ്ക്കുന്നുണ്ട്. ലോക ഫുട്ബോൾ, സംസ്കാരം, ഐക്യം എന്നിവയുടെ വലിയൊരു ആഘോഷമായാണ് ഈ ഔദ്യോഗിക ഗാനത്തെ ഫിഫ വിശേഷിപ്പിക്കുന്നത്.