FIFA president Gianni Infantino gestures as he holds the football World Cup trophy during the World Economic Forum (WEF) annual meeting in Davos on May 23, 2022. (Photo by Fabrice COFFRINI / AFP)
ഫിഫ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ ജിയാനി ഇന്‍ഫന്റിനോ സ്വപ്നം കാണുമ്പോള്‍, ആ കസേര ഇളക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുകയാണ്. ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്‍ഫന്റിനോയ്ക്ക് വെല്ലുവിളിയായേക്കാവുന്ന എതിരാളികള്‍ ചില്ലറക്കാരല്ല. വിയര്‍ക്കാതെ വീണ്ടും കിട്ടേണ്ടിയിരുന്ന ഫിഫ പ്രസിഡന്റ് കസേര. എന്നാല്‍ അതേ കസേരയിലിരുന്ന് വിറയ്ക്കുകയാണ് ഇപ്പോള്‍ ജിയാനി ഇന്‍ഫന്റിനോ.
ഈ കസേരയില്‍ ഇനി എത്രനാള്‍ ഉണ്ടാകുമെന്ന് അദ്ദേഹത്തിന് പോലും അറിയില്ല. 2026 ഫിഫ ലോകകപ്പ് നടത്തിപ്പ്, പിന്നാലെ ഫിഫയുടെ ഓഹരികള്‍ വിറ്റ് ഫിഫ ഫോര്‍വേര്‍ഡ് എന്റര്‍പ്രൈസസ് തുടങ്ങാനുള്ള തീരുമാനം. അതുവരെയുണ്ടായിരുന്ന ഇന്‍ഫന്റിനോയുടെ ഇമേജിന് ഇത്രയും ഡാമേജുണ്ടാക്കിയ വേറെ സംഭവങ്ങളില്ല. ഓഹരി വില്‍പനയില്‍ നിന്ന് പിന്‍മാറിയെങ്കിലും പ്രസിഡന്റ് ഇനി ആ കസേരയില്‍ ഇരിക്കേണ്ടെന്ന നിലപാടിലാണ് യുവേഫ അടക്കമുള്ള ഫെഡറേഷനുകള്‍.
മാര്‍ച്ച് 18ന് നടക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്‍ഫന്റിനോയ്ക്ക് അഗ്നിപരീക്ഷയാകുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. നോമിനേഷന്‍ കൊടുക്കാനുള്ള സമയപിരിധി നവംബര്‍ 18ന് അവസാനിക്കാനിരിക്കെ, ഇന്‍ഫന്റിനോയുടെ എതിരാളിയായി മല്‍സരിക്കാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയെന്ന് നോക്കാം.
ലിസ്റ്റില്‍ ഒന്നാമന്‍ കോണ്‍കാകഫ് പ്രസിഡന്റ് വിക്ടര്‍ മോണ്ടാഗ്ലിയാനിയാണ്. 20 വര്‍ഷമായി തുടരുന്ന ഫുട്ബോള്‍ എക്സിക്യൂട്ടീവ് കരിയര്‍. 2015 വനിതാ ലോകകപ്പിനും 2026 ലോകകപ്പിനും കാനഡ ആതിഥ്യം വഹിച്ചതും, കനേഡിയന്‍ പ്രീമിയര്‍ ലീഗിന് തുടക്കമിട്ടതുമെല്ലാം ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. 2016ലാണ് കോണ്‍കാകഫിന്റെ പ്രസിഡന്റായി മോണ്ടാഗ്ലിയാനി എത്തുന്നത്. അതിന് മുന്‍പും പിന്‍പും പല വിവാദങ്ങളിലും പെട്ടിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ നേതൃപാടവത്തിന് ഫിഫ വരെ സല്യൂട്ടടിക്കും.
ഇന്‍ഫന്റിനോയെ നഖശിഖാന്തം എതിര്‍ക്കുന്നയാളാണ് യുവേഫ പ്രസിഡന്റ് അലക്സാണ്ടര്‍ സെഫറിന്‍. ഫൊലാറിന്‍ ബലോഗന്റെ റെഡ് കാര്‍ഡ് മരവിപ്പിച്ചതിന്റെ പേരില്‍ ലോകകപ്പ് ഫൈനലിന്റെ പരിസരത്ത് പോലും എത്താത്തയാള്‍. ഓഹരി വില്‍പനയ്ക്കെതിരെ ശക്തമായ നിലപാടെടുത്ത സെഫറിന് മറ്റ് ഫെഡറേഷനുകളുടെ പിന്തുണയും ലഭിച്ചിരുന്നു. പക്ഷേ ചാംപ്യന്‍സ് ലീഗുകളുടെ ഫോര്‍മാറ്റ് മാറ്റത്തില്‍ വ്യാപക വിമര്‍ശനവും അദ്ദേഹം നേരിട്ടിട്ടുണ്ട്.
ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഷെയ്ക്ക് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫയാണ് മല്‍സരിക്കാന്‍ സാധ്യതയുളള മറ്റൊരു പ്രമുഖന്‍. ബഹറിന്‍ രാജകുടുംബാംഗമായ ഇദ്ദേഹം 30 വര്‍ഷമായി ഫുട്ബോള്‍ എക്സിക്യൂട്ടീവായി തുടരുന്നു. 11 വര്‍ഷം ബഹ്റിന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്, 14 വര്‍ഷമായി AFC പ്രസിഡന്റ് എന്നീ നിലകളില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡ്. എഎഫ്സി ചാംപ്യന്‍സ് ലീഗിന്റേയും വനിതാ ഫുട്ബോളിന്റേയും വളര്‍ച്ചയുടെ പ്രധാന ഇന്ധനവും ഇദ്ദേഹമായിരുന്നു.
PSG പ്രസിഡന്റ് നാസര്‍ അല്‍ ഖലൈഫി, ഫിഫ സെക്രട്ടറി ജനറല്‍ മത്തിയാസ് ഗ്രാഫ്സ്ട്രോം, നോര്‍വീജിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലൈസ് ക്ലാവെന്‍സ് എന്നിവരുടെ പേരുകളും മല്‍സരിക്കാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ കേള്‍ക്കുന്നുണ്ട്.