ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജിയാനി ഇൻഫന്റീനോയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍. ഇൻഫന്റീനോയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ഫിലിപ്പ് ഡിയാലോ പറഞ്ഞു. മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതിലാണ് ഇനിയുള്ള ലക്ഷ്യമെന്നും ഡിയാലോ വ്യക്തമാക്കി.
ഫിഫ പ്രസിഡന്റായി അടുത്ത ഊഴം കൂടി ലക്ഷ്യമിടുന്ന ഇൻഫന്റീനോ, ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫ മത്സരങ്ങളുടെ 20% ഓഹരി സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള തീരുമാനമെടുത്തതു മുതല്‍ കടുത്ത വിമർശനം നേരിടുകയാണ്. തീരുമാനം റദ്ദാക്കിയെങ്കിലും എതിര്‍പ്പ് തുടരുകയാണ്. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പില്‍ പിന്തുണ പിന്‍വലിച്ച് കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തുന്നത്.
ലോക ഫുട്ബോളിന്റെ ഇപ്പോഴത്തെ പ്രവർത്തനവുമായി യോജിച്ചു പോകാനാകുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഇൻഫന്റീനോയ്ക്കുള്ള പിന്തുണ ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ പിന്‍വലിച്ചത്. ഇൻഫന്റീനോ മാത്രമായിരുന്നു ഏക സ്ഥാനാർത്ഥി എന്നതിനാൽ ഫ്രാൻസ് തുടക്കത്തിൽ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ചിരുന്നുവെന്നും, എന്നാൽ തുടർന്നുണ്ടായ സംഭവവികാസങ്ങളില്‍ തൃപ്തരല്ലെന്നും ഡിയാലോ വ്യക്തമാക്കി. ഇംഗ്ലണ്ട്, ഇറ്റലി എന്നിവയുൾപ്പെടെ നിരവധി യൂറോപ്യൻ ഫെഡറേഷനുകൾ ഇൻഫന്റീനോയ്ക്കുള്ള പിന്തുണ പിൻവലിച്ചിരുന്നു.
യുവേഫ, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ, വടക്കേ അമേരിക്കൻ കോൺഫെഡറേഷന്‍ എന്നിവ ഫിഫയുടെ ഉന്നതതലത്തിൽ മാറ്റം വേണമെന്ന് ആവശ്യപ്പെടുകയും ഒരു ബദൽ സ്ഥാനാർത്ഥിയെ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇനി ചർച്ചകൾ ഭരണപരിഷ്കാരങ്ങളിലും ഇൻഫന്റീനോയെ പരാജയപ്പെടുത്താൻ ശേഷിയുള്ള ഒരു സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും ഡിയാലോ വ്യക്തമാക്കി. സ്ഥാനാർത്ഥിത്വം സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 18 ആണ്. , ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2027 മാർച്ച് 18നായിരിക്കും.