ജയസൂര്യ ചിത്രം ‘ഓപ്പറേഷൻ ത്രാൾ’ ആർ.എസ്.എസ്. അനുഭാവ ചിത്രമെന്ന് അധിക്ഷേപിച്ച സൗണ്ട് ഡിസൈനർ അജയൻ അടാട്ടിനെതിരെ സംവിധായകൻ രതീഷ് വേഗയും എം.ആർ.രാജാകൃഷ്ണനും നിർമാതാവ് ജോബി ജോർജും രംഗത്ത്. ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ ആർ.എസ്.വിക്കി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ടീസർ സൗണ്ട് ഗ്ലിംപ്സ് വീഡിയോയ്ക്ക് താഴെയാണ് അജയൻ അധിക്ഷേപ കമന്റിട്ടത്. ഇതിൽ കടുത്ത അതൃപ്തി വ്യക്തമാക്കി സംവിധായകൻ രതീഷ് വേഗയും ചലച്ചിത്ര പ്രവർത്തകരും രംഗത്തെത്തി.
Also Read: 'ടോക്സിക്കി'ന് 0.5 റേറ്റിങ്; ചര്‍ച്ചയായി മഹേഷ് ബാബുവിന്‍റെ മകന്‍റെ പോസ്റ്റ്
ഒരേ മേഖലയില്‍ പ്രവർത്തിക്കുന്ന ഒരാളിൽ നിന്ന് ഇത്തരമൊരു പ്രതികരണം വന്നതിൽ കടുത്ത വിഷമമുണ്ടെന്ന് സംവിധായകൻ രതീഷ് വേഗ കുറിച്ചു. ഒരു പ്രോജക്റ്റിന് പിന്നിലെ കഷ്ടപ്പാടുകൾ അറിയാവുന്ന ആളായിട്ടും സഹപ്രവർത്തകരായ ക്രിയേറ്റേഴ്സിനോട് കുറച്ചുകൂടി ബഹുമാനം കാട്ടാമായിരുന്നുവെന്നും വിമർശനം സ്വാഗതം ചെയ്യുന്നുവെങ്കിലും അധിക്ഷേപം വേദനിപ്പിച്ചുവെന്നും രതീഷ് മറുപടി നൽകി.
ഇൻഡസ്ട്രിയിലെ മുൻനിര ടെക്നീഷ്യനിൽ നിന്നുള്ള ഈ പ്രതികരണം ഞെട്ടിച്ചുവെന്നും ഇതിന് പിന്നിലെ കാരണം അറിയണം എന്നുമായിരുന്നു സൗണ്ട് മിക്സർ എം.ആർ. രാജാകൃഷ്ണന്റെ മറുപടി. 'മോനെ വളരെ മോശം' എന്ന് നിർമാതാവ് ജോബി ജോർജും പ്രതികരിച്ചു. കൂടെ ജോലി ചെയ്യുന്ന ഒരാളുടെ അധ്വാനത്തിന് നൽകുന്ന മറുപടിയാണോ ഇത്? എന്ന് സൗണ്ട് ഡിസൈനർ ആർ.എസ്. വിക്കിയും ചോദിക്കുന്നു.
നായാട്ട്,തങ്കലാൻ, മൂത്തോൻ തുടങ്ങി നിരവധി പ്രധാന സിനിമകളുടെ സൗണ്ട് ഡിസൈനറാണ് അജയൻ അടാട്ട്. ദേശീയ സുരക്ഷയും എൻ.ഐ.എ. അന്വേഷണവും പ്രമേയമാക്കി ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ് നിർമിക്കുന്ന ബിഗ് ബജറ്റ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ‘ഓപ്പറേഷൻ ത്രാൾ’. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായി പാൻ-ഇന്ത്യൻ തലത്തിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.