Image Credit: shakira / Instagram account

ഫിഫ ലോകകപ്പ് ഫൈനലിനെ മാസ്മരികമാക്കിയ സംഗീതവിരുന്നായിരുന്നു ഹാഫ് ടൈം ഷോ. പോപ് താരം ഷക്കീറ, ബുർണ ബോയ്, ജസ്റ്റിൻ ബീബർ മഡോണ, ബിടിഎസ് സംഘം എന്നിങ്ങനെ ലോകസംഗീതത്തിന്റെ അമരക്കാരെല്ലാം ന്യൂജഴ്സിയിലെ മെറ്റ്​ലൈഫ് സ്റ്റേഡിയത്തിൽ അണിനിരനിന്നിരുന്നു. ലോകകപ്പ് ഫൈനലിലെ ഈ വമ്പൻ പ്രകടനത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലെ ചർച്ചകളിൽ നിറയുകയാണ് കൊളംബിയൻ പോപ് ഗായിക ഷക്കീറ.

ഷക്കീറ പാടി അഭിനയിച്ച ‘ദായ് ദായ്’ ആയിരുന്നു 2026 ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഔദ്യോഗിക ഗാനം. ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിലും ഫൈനലിലെ ഹാഫ് ടൈം ഷോയിലും ഷക്കീറയുടെ പ്രകടനം ഉണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങിലെ ഷക്കീറയുടെ പ്രകടനം മുതലാണ് ഗായിക 'ബോഡി ഡബിൾ' ഉപയോഗിച്ചുവെന്ന ചർച്ച തുടങ്ങുന്നത്. ചടങ്ങിൽ ഷക്കീറയുടെ മുഖം വ്യത്യസ്തമായി കാണപ്പെട്ടുവെന്ന് നൂറുകണക്കിന് ആരാധകരാണ് അന്ന് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

ഷക്കീറയുടെ മുഖത്തെ മാറ്റങ്ങൾ, കൂളിംഗ് ഗ്ലാസ് ഉപയോഗിച്ചത്, മേക്കപ്പ്, ലൈറ്റിംഗ് തുടങ്ങിയവയെല്ലാം ആരാധകരിൽ സംശയം ജനിപ്പിച്ചു.  പരിപാടിയിൽ ഷക്കീറയല്ല, അവരുടെ ബോഡി ഡബിളാണ് പെർഫോം ചെയ്തതെന്നായിരുന്നു വാദം. ഷക്കീറയെ അനുകരിക്കുന്നതിലൂടെ ശ്രദ്ധേയയായ വെനസ്വേല ഗായിക ഷാക്കിബെക്കയുടെ (റെബേക്ക മൈല്ലാനോ) പേരും ബോഡി ഡബിൾ ചർച്ചകളിൽ നിറഞ്ഞിരുന്നു.  

എന്നാൽ ലോകകപ്പിന്റെ സമാപന ചടങ്ങിൽ പ്രകടനത്തിനെത്തിയ ഷക്കീറ ആരാധകരെ ഞെട്ടിച്ചു. ബോഡി ഡബിളിന്റെ ഒരു സാധ്യതയും കഴിഞ്ഞ ദിവസത്തെ ഷക്കീറയുടെ പ്രകടനത്തിൽ ഇല്ലായിരുന്നു. ഒറിജിനൽ ഷക്കീറ എത്തിയെന്നായിരുന്നു പലരുടെയും കമന്റുകൾ. ഉദ്ഘാടന ചടങ്ങിളെയും സമാപന ചടങ്ങിലെയും ചിത്രങ്ങൾ തമ്മിലുള്ള താരതമ്യം സമൂഹ മാധ്യമങ്ങളിൽ വളരെ വേഗം വൈറലായി. രണ്ട് ചിത്രങ്ങളും തമ്മിലുള്ള വ്യത്യസങ്ങൾ ചിലർ എടുത്തുകാണിച്ചപ്പോൾ മറ്റ് ചിലർ, മേക്കപ്പും മറ്റ് ഘടകങ്ങളുമാണ് ഷക്കീറയെ അന്ന് വ്യത്യസ്ത ആക്കിയതെന്ന് വാദിച്ചു. മാത്രമല്ല, ഷക്കീറ ബോഡി ഡബിൾ ഉപയോഗിച്ചുവെന്ന വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും ആർക്കും നിരത്താനുമായില്ല. 

അതേസമയം ലോകകപ്പോടെ ഒരിക്കൽ കൂടി ഷക്കീറ ഒരു ആഗോള ട്രെൻഡായി മാറി. ബോഡി ഡബിൾ വാദം മാത്രമല്ല, ഷക്കീറയുടെ പ്രായത്തെ വെല്ലുന്ന സൗന്ദര്യവും ചർച്ചയാകുന്നുണ്ട്. 49 കാരിയായ ഷക്കീറ 20കളുടെ ചുറുചുറുക്കും ലുക്കുമാണ് അവരുടെ പ്രകടനങ്ങളിൽ കാഴ്ചവെയ്ക്കുന്നത്. 2010 ൽ ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ 'വക്കാ വക്കാ' പാടിയ അതേ ഊർജ്ജത്തോടെയും മെയ്​വഴക്കത്തോടെയുമാണ് 2026 ലും ഷക്കീറ ‘ദായ് ദായ്’ പാടി നൃത്തം ചെയ്യുന്നത്. 2014 ലെ ബ്രസീൽ ലോകകപ്പിലെ ഷക്കീറയുടെ 'ലാ ലാ ലാ'യും സൂപ്പര്‍ ഹിറ്റായിരുന്നു. 

ENGLISH SUMMARY:

Shakira's performance at the FIFA World Cup has sparked a debate about whether she used a body double. While initial performances led to speculation due to facial differences and changes in appearance, her subsequent appearance strongly suggested it was indeed the original Shakira, captivating audiences with her ageless energy.