Soccer Football - FIFA World Cup 2026 - Group A - Mexico v South Africa - Estadio Azteca, Mexico City, Mexico - June 11, 2026 J Balvin performs during the opening ceremony before the match REUTERS/Eloisa Sanchez

2026 ഫുട്ബോള്‍ ലോകകപ്പില്‍ 308 ഗോളുകളാണ് പിറന്നത്. ഗോളുകളും ഗോളാഘോഷങ്ങളും അട്ടിമറികളും കണ്ട ലോകകപ്പില്‍ ഒട്ടേറെ അസ്മരണീയ മുഹൂര്‍ത്തങ്ങള്‍ കാണാനായി. ലോകകപ്പില്‍ കണ്ട പ്രധാനമുഹൂര്‍ത്തങ്ങളിലേക്ക്.

മികച്ച ഗോള്‍

ടൂർണമെന്റിലെ മികച്ച ഗോളില്‍ നിന്ന് തുടങ്ങാം. നിലവിലെ ചാംപ്യന്മാരായ അർജന്റീനയെ വിറപ്പിച്ച് അധികസമയത്ത് കാബോ വെര്‍ദെയുടെ സിഡ്നി ലോപ്പസ് കബ്രാൽ നേടിയ സമനില ഗോൾ. ജൂലൈ 3ന് മയാമി ഗാർഡൻസിൽ നടന്ന പ്രീക്വാർട്ടറില്‍ 23കാരന്‍ കബ്രാലിന്റെ കര്‍ളിങ് ഷോട്ട് ഗോളി എമിലിയാനോ മാർട്ടിനസിനെ കാഴ്ചക്കാരനാക്കി പോസ്റ്റിന്റെ വലതു മുകളിലൂടെ പറന്നിറങ്ങി.

ലോകകപ്പിലെ അട്ടിമറി

ജർമനിയുടെ പുറത്താകലാണ് ഈ ലോകകപ്പിലെ വമ്പന്‍ അട്ടിമറി. 2014ലെ നാലാം ലോകകപ്പ് കിരീടത്തിനുശേഷം തുടർച്ചയായി ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ജര്‍മനി ഇക്കുറി റൗണ്ട് ഓഫ് 32വിലാണ് പുറത്തായത്. ജൂൺ 29ന് നടന്ന മത്സരത്തില്‍ ഷൂട്ടൗട്ടില്‍ പാരഗ്വായ് ജര്‍മനിയെ വീഴ്ത്തി.

ലോകകപ്പിലെ ഉദയതാരം

2010നു ശേഷം ആദ്യമായി സ്പെയിൻ കിരീടം നേടുമ്പോൾ എല്ലാ മത്സരങ്ങളിലും മുഴുവൻ സമയവും കളത്തിലുണ്ടായിരുന്ന 19കാരനായ പ്രതിരോധതാരം പോ കുബാർസി തന്നെ ആ താരം. 690 പാസുകളിൽ 668 എണ്ണവും ലക്ഷ്യത്തിലെത്തിച്ചു താരം. 19 വയസും 178 ദിവസവും പ്രായമുള്ള കുബാർസി, ലോകകപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഏഴാമത്തെ താരമായി.

2026 ലോകകപ്പിലെ മികച്ച സേവ്

അത് കാബോ വെര്‍ദെയുടെ ഗോള്‍ കീപ്പറുടെ പേരിലാണ്. ലയണൽ മെസ്സിയെടുത്ത ഫ്രീകിക്കാണ് വോസിഞ്ഞ സേവ് ചെയ്തത്. പോസ്റ്റിന്റെ മുകൾമൂലയിലേക്ക് പറന്ന ഷോട്ട്, കാബോ വെര്‍ദെയുടെ 40കാരനായ ഗോൾകീപ്പർ വോസീഞ്ഞ ഇടത്തോട്ട് ചാടിവീണ് അവിശ്വസനീയമായി തട്ടിയകറ്റി.

2026ലെ വമ്പൻ പിഴവ്

പ്രീക്വാർട്ടറിൽ ബൽജിയത്തോട് 4-1ന് തോറ്റ മത്സരത്തിൽ അമേരിക്കയുടെ ഗോളി മാറ്റ് ഫ്രീസ് വരുത്തിയ പിഴവ് ഗോളിക്കീപ്പർമാരുടെ പിഴവുകളുടെ കൂട്ടത്തിൽ എന്നും ഓർമിക്കപ്പെടും. സ്വന്തം പകുതിയിൽ നിന്ന് ബ്രണ്ടൻ മെക്കെലെ നീട്ടിയടിച്ച പന്ത് പിടിക്കാൻ ഫ്രീസ് ഗോൾലൈൻ വിട്ടിറങ്ങി. പെനൽറ്റി ഏരിയയ്ക്ക് പുറത്തുവച്ച് പന്ത് നെഞ്ചുകൊണ്ട് തടുത്ത താരം, അത് ക്ലിയർ ചെയ്യാൻ മടിച്ചുനിന്നു, ആ അവസരം ബെല്‍ജിയം ഗോളാക്കി.

ഫൗളുകളില്‍ ഏറ്റവും മോശമായത് കാനഡയുടെ കോനെയ്ക്ക് എതിരായ ഫൗള്‍

ജൂൺ 18ന് നടന്ന ഗ്രൂപ്പ് മത്സരത്തിൽ കനേഡിയൻ മധ്യനിര താരം ഇസ്മായിൽ കോനെയെ പിന്നിൽ നിന്ന് ടാക്കിൾ ചെയ്ത ഖത്തർ താരം അസിം മാഡിബോ. ഫൗളിൽ കോനെയുടെ ഇടതുകാലിലെ ടിബിയ, ഫിബുല എന്നീ എല്ലുകൾ ഒടിഞ്ഞു. മാഡിബോയ്ക്ക് ചുവപ്പുകാർഡും അഞ്ച് മത്സരങ്ങളിൽ വിലക്കും ലഭിച്ചു.

ഗാലറിയില്‍ തിളങ്ങിയ ആഘോഷം

അത് നോര്‍വേക്കാരുടെ 'വൈക്കിങ് റോ' ആഘോഷംതന്നെ. സ്റ്റേഡിയങ്ങളിൽ 'റോ' എന്ന് ആർത്തുവിളിച്ച് തുഴയുന്നതുപോലെ അഭിനയിച്ച അവർ, നോര്‍വേയുടെ വിജയങ്ങള്‍ക്ക് ആവേശം കൂട്ടി.

ഈ ലോകകപ്പിലെ മികച്ച ചിത്രം, അതൊരുഗോളാഘോഷമായിരുന്നു

ജൂൺ 11ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മെക്സിക്കോ 2-0ന് ജയിച്ചപ്പോൾ റൗൾ ഹിമെനെസ് നേടിയ രണ്ടാം ഗോളിന്റെ ആഘോഷചിത്രം. ആറു വർഷം മുൻപ് തലയോട്ടിക്ക് പരുക്കേറ്റ താരം ഹെഡറിലൂടെ ആണ് ആ ഗോൾ നേടിയത്. ഹിമെനെസിന്റെ ഗോളാഘോഷം നതാഷ പിസരെങ്കോ തന്റെ ക്യാമറയിൽ പകർത്തിയപ്പോൾ അത് ടൂർണമെന്റിലെ മികച്ച ചിത്രങ്ങളിലൊന്നായി.

ENGLISH SUMMARY:

The 2026 FIFA World Cup witnessed 308 goals alongside memorable moments, upsets, and standout performances. Highlights included Sydney Lopes Cabral's stunning curling equalizer for Cape Verde against Argentina, voted the best goal, and Cape Verde’s 40-year-old goalkeeper Vozinha making the top save off a Lionel Messi freekick. Germany suffered the biggest upset, exiting in the Round of 32 after losing to Paraguay in a shootout, while Spain's 19-year-old defender Pau Cubarsí emerged as the rising star during their title-winning campaign. Notable incidents included US goalkeeper Matt Freese’s major blunder against Belgium, Qatar’s Assim Madibo receiving a red card and a 5-match ban for a severe tackle on Canada’s Ismaël Koné, Norway's vibrant "Viking Clap" fan celebrations, and an iconic photograph by Natasha Pisarenko capturing Raúl Jiménez's emotional header goal celebration for Mexico.