അര്‍ജന്റീനയുടെ പ്രതിരോധം മറികടന്ന് സ്‌പെയിന്‍ ലോക ചാമ്പ്യന്മാരാകുമ്പോള്‍ എടുത്തു പറയേണ്ടൊരു പേരുണ്ട്. സാക്ഷാല്‍ നിക്കോ വില്യംസ് എന്ന കറുത്തവര്‍ഗ്ഗക്കാരന്റെ പേരാണത്. ഫെറാന്‍ ടോറസ് നേടിയ ഏക ഗോളാണ് ലോകകപ്പ് ഫൈനലിന്റെ ഗതിമാറ്റിയത്. ഗ്രൗണ്ടിന് പുറത്തേക്ക് പോകുമായിരുന്ന പന്ത് ശരവേഗതയില്‍ ഓടിപ്പിടിച്ച് നിക്കോ വില്യംസ് ബോക്‌സിലേക്ക് നല്‍കിയ അതുല്യമായ പാസാണ് ടോറസ് അര്‍ജന്റീനയുടെ വലയിലെത്തിച്ചത്.
ഇപ്പോഴിതാ നിക്കോ വില്യംസിനെപ്പറ്റിയുള്ള കണ്ടന്‍റ് ക്രിയേറ്റര്‍ ഷിബു ഗോപാലകൃഷ്ണന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സ്വർണമെഡൽ കിട്ടിയ ശേഷം, അതുമായി നിക്കോ ഗാലറിയിലിരിക്കുന്ന അമ്മ മരിയയെ കാണാൻ വന്നതും അത് കഴുത്തിൽ അണിയിച്ചതും വികാരനിര്‍ഭരമായ ദൃശ്യങ്ങളായിരുന്നുവെന്ന് ഷിബു ഗോപാലകൃഷ്ണന്‍ കുറിച്ചു. സഹാറ മരുഭൂമിയിലൂടെ പൊള്ളുന്ന ജീവിതം മുറിച്ചുകടന്ന ഒരു അമ്മയുടെ നിശ്ചയത്തിനു ലോകത്തിന്റെ നെറുകയിൽ നിന്നുകൊണ്ട് മകൻ അണിയിച്ചു കൊടുത്ത തങ്കപ്പതക്കമാണതെന്നും അദ്ദേഹം പറയുന്നു.
'1990-കളിൽ ഫെലിക്സും മരിയയും ഘാന വിട്ടു സ്പെയിനിലേക്കു കടക്കാൻ കാരണം വിശപ്പായിരുന്നു. എന്നാൽ അവരുടേത് നിയമപരമായ കുടിയേറ്റമല്ലായിരുന്നു; ജീവൻ കൈയിൽ പിടിച്ചൊരു യാത്രയായിരുന്നു. സഹാറ മരുഭൂമിയിലൂടെ ചുട്ടുപൊള്ളുന്ന മരണത്തെ വെല്ലുവിളിച്ച യാത്ര.
ആദ്യം അവർ ആളുകളെ കുത്തിനിറച്ച ട്രക്കുകളിൽ യാത്ര ചെയ്തു. പിന്നീട് സഹാറ മരുഭൂമിയിലൂടെ ദിവസങ്ങളോളം കാൽനടയായി സഞ്ചരിച്ചു. ഭക്ഷണവും വെള്ളവും ഇല്ലായിരുന്നു. 40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള കൊടുംചൂടിൽ പലരും വഴിമധ്യേ തളർന്നു വീണു; ചിലർ മരിക്കുകയും വഴിയരികിൽ സംസ്കരിക്കപ്പെടുകയും ചെയ്തു. ആ സമയത്ത് മരിയ ഏഴ് മാസം ഗർഭിണിയായിരുന്നു. ആ ഗർഭത്തിലെ കുഞ്ഞാണ് ഇനിയാക്കി വില്യംസ്.
ഒടുവിൽ അവർ മൊറോക്കോ തീരത്തുള്ള സ്പാനിഷ് എൻക്ലേവായ മെലിയയിലെത്തി. അതിർത്തിവേലി കടന്നതിനു പിന്നാലെ അനധികൃത കുടിയേറ്റത്തിനു അറസ്റ്റിലായി. പിന്നീട് അഭയം ലഭിക്കുകയും, സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പട്ടിണിയില്ലാത്ത ജീവിതം കെട്ടിപ്പടുക്കുകയും ചെയ്തു. അവിടെയാണ് നിക്കോ വില്യംസ് ജനിച്ചതും കളിച്ചതും വളർന്നതും.
ഫുട്ബോൾ ഇനിയാക്കിയുടെയും നിക്കോയുടെയും ഭാഷയായി. സ്വപ്നങ്ങളിലേക്ക് പന്ത് തട്ടിയത് അവരുടെ കാലുകൾ മാത്രമായിരുന്നില്ല; സഹാറ മരുഭൂമി പൊള്ളിച്ച ഫെലിക്സിന്റെയും മരിയയുടെയും കാലുകൾ കൂടിയായിരുന്നു.
ഇനിയാക്കി ഫുട്‍ബോളിൽ ഘാനയെ പ്രതിനിധീകരിക്കാൻ തീരുമാനിച്ചപ്പോൾ, നിക്കോ സ്പെയിനെയാണ് തിരഞ്ഞെടുത്തത്.
ഇന്നലെ എക്സ്ട്രാ ടൈമിലേക്ക് നീണ്ട കളിയിൽ, രണ്ടിലൊന്ന് അറിയാതെ വലിഞ്ഞു മുറുകിയ നിമിഷങ്ങളിൽ, പുറത്തേക്കെന്ന് ഉറപ്പിച്ച ഒരു പന്തിനെ നൂറ്റിയഞ്ചാം മിനിറ്റിൽ ഫെറാന്റെ കാലുകളിൽ എത്തിച്ചത് നിക്കോ വില്യംസ് ആണ്. അതിന്റെ കൃത്യതയിലാണ് സ്‌പെയിൻ ലോകത്തിന്റെ കാൽപ്പന്തു കൊടുമുടിയിലേക്ക് കടന്നുകയറിയത്.
സ്വർണമെഡൽ കിട്ടിയ ശേഷം, അതുമായി നിക്കോ ഗാലറിയിൽ മരിയയെ കാണാൻ വന്നു; അത് കഴുത്തിൽ അണിയിച്ചു.
സഹാറ മരുഭൂമിയിലൂടെ പൊള്ളുന്ന ജീവിതം മുറിച്ചുകടന്ന ഒരു അമ്മയുടെ നിശ്ചയത്തിനു ലോകത്തിന്റെ നെറുകയിൽ നിന്നുകൊണ്ട് മകൻ അണിയിച്ചു കൊടുത്ത തങ്കപ്പതക്കം.' – അദ്ദേഹം കുറിച്ചു.