salt-lake-stadium-sculpture-removal

കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ (വിവേകാനന്ദ യുവ ഭാരതി ക്രീഡാംഗൻ) VVIP ഗേറ്റിന് സമീപത്തെ വിവാദ ശിൽപം ബിജെപി സർക്കാരിന്റെ നിർദേശത്തെത്തുടർന്ന് പൊളിച്ചുനീക്കി. മുൻ മുഖ്യമന്ത്രി മമതാ ബാനർജിയാണ് ഇതിന്റെ രൂപകൽപനയ്ക്ക് പിന്നിലെന്നാണ് റിപ്പോർട്ട്. സോൾട്ട് ലേക്കിലെ സ്റ്റേഡിയം 2017-ൽ നവീകരിച്ചപ്പോഴാണ് ശിൽപം സ്ഥാപിച്ചത്. അര വരെ ഉയരമുള്ള രണ്ട് കാലുകൾ, അതിനു മുകളിൽ 'ബിശ്വ ബംഗ്ല' ലോഗോയുമാണ് ശില്‍പത്തിലുണ്ടായിരുന്നത്. 

 

സ്ഥാപിച്ച കാലം മുതൽ ശില്‍പം ഫുട്ബോൾ ആരാധകർക്കും സന്ദർശകർക്കുമിടയിൽ ഒരു ചർച്ചാ വിഷയമായിരുന്നു. രാജ്യത്തെ പ്രധാന ഫുട്ബോൾ വേദികളിലൊന്നിന് പുറത്ത് ഇങ്ങനെയൊരു ശിൽപത്തിന്റെ  പ്രസക്തിയെ പലരും ചോദ്യം ചെയ്തിരുന്നു. ശില്‍പം സ്റ്റേഡിയം പരിസരത്തുനിന്ന് നീക്കം ചെയ്യുമെന്ന് BJP സര്‍ക്കാരിലെ കായിക മന്ത്രി നിഷിത് പ്രമാണിക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മേയ് 17-ന് സ്റ്റേഡിയത്തിൽ നടന്ന മോഹൻ ബഗാൻ-ഈസ്റ്റ് ബംഗാൾ ഡെർബി മത്സരം കാണാനെത്തിയ പ്രമാണിക്, മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ശിൽപത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. മുറിച്ചുമാറ്റിയ രണ്ട് കാലുകൾക്ക് മുകളിൽ ഒരു ഫുട്ബോൾ. ഇത് സ്ഥാപിച്ചതുമുതലാണ് മുൻ ഭരണകൂടത്തിന് കാര്യങ്ങൾ പിഴച്ചുതുടങ്ങിയതെന്നും  പ്രമാണിക് പറഞ്ഞു.

 

ശിൽപം പൊളിച്ചുനീക്കിയതോടെ, ബൂട്ടുകളും ഫുട്ബോളും മാത്രമാണ് ഇപ്പോൾ സ്ഥലത്ത് അവശേഷിക്കുന്നത്. പഴയ നിർമിതിക്ക് പകരം പ്രശസ്തനായ ഏതെങ്കിലും ഫുട്ബോൾ താരത്തിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

The controversial sculpture at Kolkata Salt Lake Stadium has been removed by the BJP government following its directives. Previously, it was reported that former Chief Minister Mamata Banerjee was behind the design of this sculpture.