തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ തിടുക്കപ്പെട്ട് ഉദ്ഘാടനം ചെയ്ത ഫോർട്ടുകൊച്ചിയിലെ ഭവനരഹിതർക്കായുള്ള പാർപ്പിട സമുച്ചയം ഇപ്പോഴും താമസയോഗ്യമല്ല. എട്ട് മാസം പിന്നിട്ടിട്ടും തുരുത്തി ഫ്ളാറ്റ് സമുച്ചയത്തിന്റെ നിർമാണ ജോലികൾ ഇനിയും ബാക്കി. 398 കുടുംബങ്ങളാണ് ഇന്നുകിട്ടും നാളെകിട്ടും എന്ന പ്രതീക്ഷയിൽ കോർപറേഷൻ്റെ ഫ്ളാറ്റിനായി കാത്തിരിക്കുന്നത്.ഭവനരഹിതർക്കു സുരക്ഷിത ജീവിതം വാഗ്ദാനം ചെയ്ത് ഫോർട്ട്കൊച്ചി തുരുത്തിയിൽ ഉയർന്ന ഫ്ലാറ്റ് സമുച്ചയം. രാജീവ് ആവാസ് യോജന പദ്ധതിയുടെ ഭാഗമായി കോർപറേഷൻ നിർമിച്ച രണ്ട് വൻ ടവറുകളുടെ ഉദ്ഘാടനം നടന്നത് സെപ്റ്റംബർ 27ന്.
11 നിലയും 13 നിലയും ഉൾപ്പെടുന്ന രണ്ട് ടവറുകളിലായി 398 കുടുംബങ്ങൾക്ക് താമസിക്കാം. എന്നാൽ ഉദ്ഘാടനം കഴിഞ്ഞിട്ടും ആളൊഴിഞ്ഞ ഇടനാഴികളാണ് ഇവിടെ. ശുദ്ധജല പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കണക്ഷനായിട്ടില്ല. കുഴൽക്കിണർ വെള്ളം ശുദ്ധീകരിക്കുന്ന ആർ.ഒ പ്ലാന്റ്, മാലിന്യസംസ്ക്കാരണ പ്ലാൻ്റ് എന്നിവ പൂർത്തിയായിട്ടില്ല. ലിഫ്റ്റ് പ്രവർത്തനക്ഷമമായിട്ടില്ല. ചുറ്റുമതിലില്ല. ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല. ഗുണഭോക്താക്കളുടെ പട്ടികയും പൂർണമല്ല. 2013-ൽ തയ്യാറാക്കിയ ആദ്യ പട്ടികയിലെ പലർക്കും ഇതിനിടെ സ്വന്തം വീടായി. ഇവർക്ക് പകരക്കാരെ കണ്ടെത്തണം. കാലവർഷം ശക്തമാകും മുമ്പെങ്കിലും ഫ്ളാറ്റ് കൈമാറണമെന്ന് കാത്തിരിക്കുന്നവർ.