ജാവലിന്‍ ത്രോയിലെ ലോകവേദിയില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഒപ്പം പോരാടാന്‍ ഇനി ശ്രീലങ്കയും. കെനിയയില്‍ നടന്ന കിപ് കീനോ ക്ലാസിക്കില്‍ 89.28 മീറ്റര്‍ ദുരം കണ്ടെത്തിയാണ് ലങ്കന്‍ താരം റുമേഷ് തരംഗ പതിരാഗെ സ്വര്‍ണം നേടിയത്.
ഇന്ത്യയുടെ നീരജ് ചോപ്രയ്ക്കും പാക്കിസ്ഥാന്റെ അര്‍ഷാദ് നദീമിനും വെല്ലുവിളിയാകാന്‍ ശ്രീലങ്കയുടെ 23കാരന്‍ റുമേഷ് തരംഗ പതിരാഗെ. നെയ്റോബിയില്‍ നടന്ന മീറ്റില്‍ 89.29 മീറ്റര്‍ കണ്ടെത്തിയതോടെ, മുൻ ഒളിംപിക്സ് ചാംപ്യൻ ജർമനിയുടെ തോമസ് റഹ്‌ലറെ വരെ പിന്നിലാക്കി സ്വര്‍ണനേട്ടം. ഏഷ്യന്‍ താരങ്ങളില്‍ നാലാമത്തെ മികച്ച ദൂരമാണ് റുമേഷിന്റേത്. ലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ നീലക്കുപ്പായം അണിയാന്‍ മോഹിച്ച് പന്തെറിഞ്ഞാണ് റുമേഷ് തുടങ്ങിയത്.
പതിനാറാം വയസ്സിൽ ലങ്കയിലെ വേഗമേറിയ യുവ ബോളർമാരിൽ ഒരാളായിരുന്നു പതിരാഗെ. ദേശീയ അണ്ടർ 18 ടാലന്റ് ഹണ്ടിൽ മണിക്കൂറിൽ 134 കിലോമീറ്റർ വേഗം കുറിച്ചപ്പോൾ മുന്നിലുണ്ടായിരുന്നത് ഒരാൾ മാത്രം, സൺറൈസേഴ്സ് ഹൈദരാബാദിനായി കളിക്കുന്ന ഇഷാന്‍ മലിംഗ. കോളജ് കാലത്ത് ക്രിക്കറ്റ് ഉപേക്ഷിച്ച് ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലേക്ക് എത്തി. കഴിഞ്ഞ ലോകചാംപ്യന്‍ഷില്‍ ഫൈനലിലേക്ക് യോഗ്യത നേടിയതോടെ ഈ നേട്ടം കുറിക്കുന്ന ആദ്യ ലങ്കന്‍താരമായി.