സൂപ്പര്‍ താരം നെയ്മറിന്റെ പരുക്കിനെ പരിഹസിച്ച് ബ്രസീലിയന്‍ പ്രസിഡന്റ് ലുയിസ് ഡാ സില്‍വ. നെയ്മര്‍ വീട്ടിലിരിക്കുന്ന കളിക്കാരനെന്നാണ് പ്രസിഡന്റിന്റെ പരിഹാസം. സംഭവം വിവാദമായതോടെ പ്രസിഡന്റിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി.
ഒരു പൊതുചടങ്ങിനിടെ മുന്നിലിരുന്ന കുട്ടിയോട് ഇഷ്ടപ്പെട്ട ഫുട്ബോള്‍ താരം ആരാണെന്ന പ്രസിഡന്റിന്റെ ചോദ്യത്തില്‍ നിന്നായിരുന്നു എല്ലാത്തിന്റേയും തുടക്കം. കുട്ടി നെയ്മറിന്റെ പേര് പറഞ്ഞപ്പോള്‍, അതിന് അദ്ദേഹം കളിയ്ക്കുന്നില്ലല്ലോ എന്നായിരുന്നു പ്രസിഡന്റ് ലൂയിസ് ഡാ സില്‍വയുടെ മറുപടി. ലോകത്തിലെ ആദ്യത്തെ ഹോം ഓഫീസ് പ്ലെയറാണ് നെയ്മറെന്നും പ്രസിഡന്റ് പരിഹസിച്ചു.
കളിക്കളത്തില്‍ ഇറങ്ങാതെ, സെലക്ഷന്‍ ലിസ്റ്റി ഇടം നേടി, വീട്ടിലിരിക്കുന്ന കളിക്കാരനാണ് നെയ്മര്‍ എന്നാണ് പ്രസിഡന്റിന്റെ പക്ഷം. ഇതോടൊപ്പം ടീമിനേയും പ്രസിഡന്റ് വിമര്‍ശിച്ചു. പരുക്ക് ഭേദമായി സ്കോട്ലന്‍ഡിനെതിരായ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് നെയ്മര്‍. ഇതിനിടെയാണ് ബ്രസീലിയന്‍ പ്രസിഡന്റിന്റെ പരിഹാസം ചര്‍ച്ചയാകുന്നത്. ബ്രസീലിന്റെ എക്കാലത്തേയും മികച്ച ഫുട്ബോള്‍ താരങ്ങളില്‍ ഒരാളായ നെയ്മറെ അപഹസിച്ചതിനെതിരെ നിരവധി ആരാധകര്‍ രംഗത്തെത്തി. പരുക്കിന്റെ പേരില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തരുതെന്നും അടുത്ത മല്‍സരത്തിലൂടെ നെയ്മാര്‍ ശക്തമായി തിരിച്ചുവരുമെന്നും അവര്‍ തിരിച്ചടിച്ചു.