vaibhav-suryavanshi-explosive-batting-secrets

ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാൻ ഒരുങ്ങുന്ന 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിക്ക്, അയർലൻഡിലും ഇംഗ്ലണ്ടിലും നടക്കാനിരിക്കുന്ന ട്വന്റി20 മത്സരങ്ങളിൽ മുതിർന്ന സഹതാരങ്ങൾക്കൊപ്പം ഡ്രസിങ് റൂം പങ്കിടാനാകില്ല. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെയും യുകെയുടെയും നിർദേശപ്രകാരം ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡും ക്രിക്കറ്റ് അയർലൻഡും നടപ്പാക്കുന്ന ബാലസുരക്ഷാ ചട്ടങ്ങൾ അനുസരിച്ച്, 16 വയസ്സിൽ താഴെയുള്ള കളിക്കാർക്ക് മുതിർന്ന താരങ്ങൾക്കൊപ്പം ഡ്രസിങ് റൂം പങ്കിടാൻ അനുവാദമില്ല. 

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലെ ടോപ് സ്കോററായ സൂര്യവംശി, വെള്ളിയാഴ്ച അയർലൻഡിനെതിരെ ആരംഭിക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലും അടുത്ത മാസം ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് മത്സരങ്ങളിലും പ്രത്യേക ഡ്രസിങ് റൂം ആയിരിക്കും ഉപയോഗിക്കുക. വൈഭവ് ടീമിലുള്ളതുകൊണ്ട് ഇന്ത്യൻ ടീമിനായി പവിലിയനിൽ മൂന്ന് മുറികൾ അനുവദിച്ചിട്ടുണ്ട്. കായികരംഗത്ത് ലോകത്തിലെതന്നെ ഏറ്റവും കർശനമായ ബാലസുരക്ഷാ നയങ്ങളാണ് യുകെയിലുള്ളത്. കുട്ടികളും മുതിർന്നവരും വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങൾ പങ്കിടരുത് എന്നത് കര്‍ശനമായി പാലിക്കപ്പെടുന്നു. 

ഇംഗ്ലീഷ്  പ്രീമിയർ ലീഗിൽ 18 വയസ്സിൽ താഴെയുള്ള കളിക്കാർക്ക് മുതിർന്നവർക്കൊപ്പം ഡ്രസിങ് റൂം പങ്കിടുന്നതിന് വിലക്കുണ്ടായിരുന്നതിനാൽ ആർസനലിന്റെ  ഈഥൻ ന്വാനേരിയും മാക്സ് ഡോവ്മാനും പ്രത്യേകം ഡ്രസിങ്ങ് റൂം അനുവദിച്ചിരുന്നു.  ബ്രിട്ടീഷ് ഡൈവിങ്ങ് വിസ്മയം ടോം ഡാലി  14ാം വയസില്‍ ആദ്യ ഒളിംപിക്സില്‍ പങ്കെടുക്കുമ്പോള്‍ ടീമിലെ മുതിര്‍ന്നവര്‍ക്കൊപ്പം ഡ്രസിങ്ങ് റൂം പങ്കിടാന്‍ അനുവദിച്ചിരുന്നില്ല. 

പ്രായപൂർത്തിയാകാത്തവരെ സംരക്ഷിക്കുന്നതിനും കുട്ടികളും മുതിർന്നവരുമായ കായികതാരങ്ങൾക്കിടയിൽ വ്യക്തമായ അതിർവരമ്പുകൾ സൃഷ്ടിക്കുന്നതിനുമായി ബ്രിട്ടീഷ് കായികരംഗത്ത് പതിറ്റാണ്ടുകളായി നടന്നുവരുന്ന സുരക്ഷാ പരിഷ്കാരങ്ങളുടെ ഫലമായാണ് ഈ നിയമങ്ങൾ രൂപപ്പെട്ടത്.

ENGLISH SUMMARY:

Vaibhav Suryavanshi, the youngest Indian cricketer to represent the nation, will have a separate dressing room during the T20 series in Ireland and England due to strict child safety regulations. These rules, enforced by the ICC, UK, ECB, and Cricket Ireland, prohibit players under 16 from sharing facilities with senior teammates to ensure the protection of minors.