england-ghana-world-cup-draw

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിൽ തളച്ച് ഘാന. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പന്തടക്കത്തിലും ആക്രമണത്തിലും ഇംഗ്ലണ്ട് ബഹുദൂരം മുന്നിട്ടുനിന്നെങ്കിലും ഘാനയുടെ കടുപ്പമേറിയ പ്രതിരോധ കോട്ട തകർക്കാൻ ഇംഗ്ലീഷ് പടയ്ക്കായില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഇംഗ്ലണ്ട് മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും നിർഭാഗ്യവും ഘാന ഗോൾകീപ്പറുടെ മികച്ച പ്രകടനവും വിനയായി.

മത്സരത്തിലുടനീളം പ്രതിരോധത്തിലൂന്നി കളിച്ച ഘാനയെ സമ്മർദ്ദത്തിലാക്കാൻ ഇംഗ്ലണ്ടിന് സാധിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ തിരിച്ചടിയായി. കളിയിലുടനീളം 78.8% പന്തടക്കം സൂക്ഷിച്ച ഇംഗ്ലണ്ട്, ലോകകപ്പ് ചരിത്രത്തിൽ ഗോളടിക്കാൻ സാധിക്കാതെ പോകുന്ന ഒരു ടീമിന്റെ ഏറ്റവും ഉയർന്ന പന്തടക്കമെന്ന റെക്കോർഡും കുറിച്ചു.

രണ്ടാം പകുതിയില്‍ ആക്രമണം ശക്തമാക്കാൻ ആന്റണി ഗോർഡന് പകരം ബുക്കായോ സാക്കയെയും ജാഡ് സ്പെൻസിന് പകരം നികോ ഒറെയ്‌ലിയെയും ഇംഗ്ലണ്ട് കളത്തിലിറക്കിയിരുന്നു. നികോയുടെ തകർപ്പൻ ഹെഡ്ഡർ ഘാനയുടെ ക്രോസ്സ് ബാറിൽ തട്ടിത്തെറിച്ചു! റീബൗണ്ടിൽ ലഭിച്ച പന്ത് വലയിലെത്തിക്കാൻ ഹാരി കെയ്‌ന് സാധിച്ചതുമില്ല. ഇന്‍ജുറി ടൈമിൽ മാർക്ക് ഗുവേഹിയുടെ ഹെഡ്ഡർ ഘാന പ്രതിരോധ താരം ഗോൾ ലൈനിൽ വെച്ച് തട്ടിയകറ്റിയതോടെ ഇംഗ്ലണ്ടിന്റെ അവസാന പ്രതീക്ഷയും പൊലിഞ്ഞു. മല്‍സരം സമനിലയില്‍ അവസാനിച്ചു.

അതേസമയം, ബോൾ ഹെഡ് ചെയ്യുന്നതിനിടെ ഇംഗ്ലണ്ടിന്റെ റെസീ ജെയിംസും ഘാനയുടെ ജോർദാൻ അയേവും കൂട്ടിയിടിച്ച് ഇരുവരുടെയും തലയ്ക്ക് പരുക്കേറ്റു. തല കെട്ടിവച്ചാണ് ജോർദാൻ മത്സരത്തിൽ തുടർന്നത്.

ഈ സമനിലയോടെ രണ്ട് മത്സരങ്ങളിൽ നിന്ന് 4 പോയിന്റ് വീതമുള്ള ഇംഗ്ലണ്ടും ഘാനയും ഗ്രൂപ്പ് എൽ-ൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ തുടരുകയാണ്. ഇരുടീമുകളുടെയും നോക്കൗട്ട് പ്രവേശം ഇതോടെ ഏറെക്കുറെ ഉറപ്പായി. ഗ്രൂപ്പിലെ തങ്ങളുടെ അവസാന മത്സരത്തിൽ ശനിയാഴ്ച ഇംഗ്ലണ്ട് പനാമയെ നേരിടും. അതേസമയം, ഘാന ക്രോയേഷ്യയുമായാണ് മാറ്റുരയ്ക്കുക.

ENGLISH SUMMARY:

England were held to a frustrating goalless draw by a resilient Ghana side in their FIFA World Cup 2026 Group L clash at Boston Stadium. Despite controlling the game with a record-breaking 78.8% possession, the English attack consistently failed to penetrate the disciplined Ghanaian defensive line. Gareth Southgate introduced Bukayo Saka and Nico O'Reilly in the second half, with O'Reilly narrowly missing a goal as his powerful header struck the crossbar. Harry Kane and Marc Guehi also saw late attempts thwarted, with a dramatic goal-line clearance denying England a last-minute victory. The match was physically demanding, marked by a concerning clash of heads between Reece James and Jordan Ayew that required medical attention for both players. This result leaves both teams on four points at the top of their group, positioning them favorably to secure advancement into the knockout stages.