ഇന്ന് സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഏഴു ജില്ലകളില്‍ ഒാറഞ്ച് അലര്ട്ടും ഏഴു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴക്കും ഒറ്റപ്പെട്ട അതിശക്തമായ മഴക്കുമുള്ള മുന്നറിയിപ്പുള്ളത്, മറ്റെല്ലാ ജില്ലകളിലും യെലോ അലര്‍ട്ടാണ്. എട്ടാം തീയതി വരെ സംസ്ഥാനത്ത് മഴ തുടരും. കേരളതീരത്തു നിന്ന് കടലില്‍പോകുന്നതിന് വിലക്കുണ്ട്. വരുന്ന ആഴ്ചയിലും സംസ്ഥാനത്ത് മഴ കിട്ടിയേക്കും. ചൈന കടലില്‍ ശക്തിപ്രാപിക്കുന്ന ചുഴലിക്കാറ്റ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ സൂക്ഷമമായി നിരീക്ഷിച്ചു വരികയാണ്.
മഴ ഭാഗികമായി മാറി നിന്നതോടെ കോട്ടയത്ത് മഴക്കെടുതിയിൽ വലയുന്നവർക്ക് ആശ്വാസം. മീനച്ചിലാറിലെ ജലനിരപ്പ് പാലായിൽ പത്ത് അടിയായി താഴ്ന്നു. അതേസമയം കോട്ടയം നഗരത്തോട് ചേർന്നുള്ള പഞ്ചായത്തുകളിൽ ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്. തിരുവാർപ്പ് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം അല്പം കുറഞ്ഞു. എന്നാൽ കുമരകത്ത് വെള്ളം ഉയർന്നിട്ടുണ്ട്. ഒരാഴ്ച മഴ മാറി നിന്നാൽ മാത്രമേ വീടുകളിൽ നിന്ന് വെള്ളം ഒഴുകി പോവുകയുള്ളൂ. കോട്ടയം താലൂക്കിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. ജില്ലയിലെ മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകൾ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി നൽകിയിട്ടുണ്ട്.
കോഴിക്കോട്, വയനാട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. വയനാട് പുളിഞ്ഞാല്‍ ഗവ ഹൈസ്‌കൂള്‍, മക്കിയാട് ഹോളി ഫെയ്സ് സ്‌കൂള്‍, കൈതകൊല്ലി ഗവ എൽ.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാംപുകൾ പ്രവര്‍ത്തിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
ആലപ്പുഴ ജില്ലയില്‍ കുട്ടനാട്, ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.