Image Credit: AFP (Left), Instagram/lizlaz
മോഡലും ഇന്‍ഫ്ലുവന്‍സറുമായ അവനീത് കൗറിന്റെ ഫോട്ടോയ്ക്ക് കൈ തട്ടി ഒരു ലൈക്ക് പോയതിന്‍റെ ക്ഷീണം വിരാട് കോലിക്ക് ഇതുവരെയും തീര്‍ന്നിട്ടില്ല. അതിനിടയില്‍ വീണ്ടും പുലിവാല് പിടിച്ചിരിക്കുകയാണ് താരം. ഇക്കുറി ദക്ഷിണാഫ്രിക്കന്‍ മോഡലായ ലിസ്ലാസിന്റെ അക്കൗണ്ടിലാണ് കോലിയുടെ 'ഹൃദയ ചിഹ്നം' വീണത്.സെക്കന്‍റുകള്‍ക്കുള്ളില്‍ വൈറല്‍. ലൈക്ക് കണ്ട ആരാധകരുടെ നെഞ്ചില്‍ വീണ്ടും തീ.
ട്രോളന്‍മാരും കോലിയെ വെറുതേ വിടുന്ന മട്ടില്ല. ഇതും അല്‍ഗൊരിതമാണെന്ന ഉപന്യാസം ഇപ്പോള്‍ വരുമെന്നായിരുന്നു ഒരാളുടെ കമന്‍റ്. എന്നാല്‍ കോലി 'അത്തരക്കാരന്‍' അല്ലെന്നും മനപ്പൂര്‍വം സംഭവിച്ചതാകില്ലെന്നുമാണ് ആരാധകര്‍ കുറിക്കുന്നത്. വേറെ ചിലരാവട്ടെ അവനീത് കൗര്‍ വിഷയത്തില്‍ കോലിയുടെ പോസ്റ്റ് റീ ഷെയര്‍ ചെയ്തിട്ട് ഇത് ഒരിക്കല്‍ കൂടി കാണേണ്ടി വരും' എന്നാണ് എഴുതിയത്. ലിസ്ലാസിന്റെ പോസ്റ്റില്‍ വിരാടിന്‍റെ ലൈക്ക് വന്നതിന് പിന്നാലെ 'അല്‍ഗൊരിതം' എന്ന് യുസ്വേന്ദ്ര ചെഹല്‍ കമന്‍റിട്ടു' എന്നാണ് മറ്റൊരാളുടെ സ്ക്രീന്‍ഷോട്ട്. ലിസിന്‍റെ ഫൊട്ടോയ്ക്ക് ചുവടെ അല്‍ഗരിതമെന്ന് ചെഹലിന്‍റെ കമന്‍റുമുണ്ട്. 'കോലി, ഇതൊന്ന് വേഗം അണ്‍ലൈക്ക് ചെയ്യാമോ' എന്ന് ചോദിക്കുന്നവരുടെ എണ്ണവും കുറവല്ല.
ജനുവരി 30ന് ലിസ്ലാസ് പോസ്റ്റ് ചെയ്ത ഫൊട്ടോയിലാണ് കോലിയുടെ ലൈക്ക് വീണത്. ചിത്രം വൈറലായതിന് പിന്നാലെ ലിസ് അത് പിന്‍ ചെയ്ത് സൂക്ഷിച്ചിട്ടുമുണ്ട്. ഫൊട്ടോയ്ക്ക് ചുവടെ എന്തായാലും ഇന്ത്യക്കാരുടെ കമന്‍റ് മേളമാണ്. അനുഷ്ക എന്ത് പറയുമെന്ന് ആശങ്കപ്പെടുന്നവരെയും എക്സില്‍ കാണാം.
കഴിഞ്ഞ വര്‍ഷമാണ് അവ്നീത് കൗറിന്റെ ഫൊട്ടോയ്ക്ക് കോലിയുട ലൈക്ക് വീണത്. വിവാദമായതിന് പിന്നാലെ 'ഫീഡ് ക്ലിയര്‍ ചെയ്യുന്നതിനിടെ അല്‍ഗൊരിതം ഒരു ഇന്‍ററാക്ഷന്‍ നടത്തിയതായി കാണുന്നു. അറിഞ്ഞുകൊണ്ട് സംഭവിച്ചതല്ല അത്. അനാവശ്യമായ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞ് നില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു' -എന്നായിരുന്നു കോലിയുടെ വിശദീകരണം. ഇക്കുറി കോലി എന്താകും പറയുക? അല്‍ഗൊരിതത്തെ പഴി ചാരുമോ അതോ ഇന്‍സ്റ്റയില്‍ കയറിയപ്പോള്‍ ഒരു ലൈക്കിട്ടതാണ്, വിവാദമാക്കാന്‍ ഒന്നുമില്ലെന്ന് പറയുകയേ ഉള്ളോ എന്ന ആകാംക്ഷയിലാണ് സോഷ്യല്‍ മീഡിയ.