arun-j

വിമര്‍ശനത്തിനും ട്രോളുകള്‍ക്കും മറുപടിയുമായി യൂട്യൂബര്‍ അരുണ്‍ ജയചന്ദ്രന്‍. വിവാഹാലോചനയ്​ക്ക് പിന്നാലെ പെണ്‍വീട്ടുകാര്‍ വീട്ടില്‍ വന്നതിന് പിന്നാലെ അരുണ്‍ ചെയ്ത വിഡിയോക്കായിരുന്നു വിമര്‍ശനവും ട്രോളുകളും ഉയര്‍ന്നത്. വിഡിയോയില്‍ സംസാരിക്കുന്നതിനിടെ 'മുക്കാല്‍ ചെമ്പ് ബിരിയാണി തിന്ന്, അവര്‍ ആ കച്ചോടം അങ്ങ് ഉറപ്പിച്ചിരിക്കുകയാണ്,' എന്ന് അരുണ്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്. 

കല്യാണത്തെ കച്ചവടമാക്കരുതെന്നും പക്വത കാണിക്കണമെന്നും കമന്‍റുകളുയര്‍ന്നു. 'അന്തസ്സ് ഇല്ലാത്ത സംസാരം, അനിയത്തിയുടെ കല്യാണവും ഇതുപോലെ കച്ചോടം ആക്കുവോ?', 'കുറച്ചൂടെ മാന്യമായി സംസാരിക്കാം', 'മാന്യമായി സംസാരിക്കൂ ബന്ധുവീട്ടുകാരെ കുറിച്ച്. അവർ വന്ന് കഴിച്ച ബിരിയാണിയുടെ കണക്ക് പറഞ്ഞ് അവരെ അപമാനിക്കല്ലേ', 'ആദ്യം തന്നെ കുടുംബത്തിൽ വന്ന് കേറുന്നവരെ കുറിച്ച് പറയുന്ന വാക്കുകൾ കേട്ടാൽ അറിയാം, എത്രത്തോളം സംസ്കാരശൂന്യർ ആണ് നിങ്ങൾ എന്ന്', 'നല്ല അഹങ്കാരം ഉണ്ടല്ലോ,' എന്നിങ്ങനെ കമന്‍റില്‍ വിമര്‍ശനം കടുത്തിരുന്നു. 

ഇതോടെ പരാമര്‍ശത്തില്‍ വിശദീകരണവുമായി അരുണ്‍ പുതിയ വിഡിയോ അപ്ലോഡ് ചെയ്തു. തെറ്റായ ഉദ്ദേശത്തോടെ പറഞ്ഞതല്ലെന്നും പെണ്ണിനോ പെണ്‍വീട്ടുകാര്‍ക്കോ തന്‍റെ പരാമര്‍ശത്തില്‍ പ്രശ്നമില്ലെന്നും അരുണ്‍ പറഞ്ഞു. 'കല്യാണ സാരി എടുക്കാന്‍ പോയ കാര്യം വളരെ സന്തോഷത്തോടെയാണ് ഞാന്‍ നിങ്ങളോട് പറഞ്ഞത്. വിഡിയോയുടെ തുടക്കത്തില്‍ ഞാന്‍ ഒരു കാര്യം പറഞ്ഞു. അത് തെറ്റായ ഉദ്ദേശത്തോടെ പറഞ്ഞതല്ല. വളരെ കാഷ്വലായി തമാശ രൂപേണ പറഞ്ഞതാണ്. പെണ്‍വീട്ടുകാര് വന്നു കണ്ട്, മുക്കാല്‍ ചെമ്പ് ബിരിയാണി തിന്ന്, അവര്‍ ആ കച്ചോടം അങ്ങ് ഉറപ്പിച്ചിരിക്കുകയാണ്, എന്ന് ഞാന്‍ പറഞ്ഞു. ആ സമയത്ത് രാജമാണിക്യത്തില്‍ മമ്മൂക്ക പറഞ്ഞ ഡയലോഗാണ് എന്‍റെ മൈന്‍ഡില്‍ ഓടിക്കൊണ്ടിരിക്കുന്നത്. 

അതിനെ പറ്റി കുറേപേര് നെഗറ്റീവായി കമന്‍റ് ചെയ്യുകയാണ്, അവര്‍ വന്ന കഴിച്ചതിന്‍റെ കണക്ക് ഞാന്‍ പറയുകയാണ്, ബന്ധുക്കളെ താഴ്ത്തി കെട്ടി സംസാരിച്ചു, പക്വത ഇല്ലാതെ സംസാരിച്ചു, മര്യാദ ഇല്ല, അങ്ങനെ എന്തെക്കെയോ പറഞ്ഞു. ഇപ്പൊഴെങ്കിലും ഞാനത് പറഞ്ഞില്ലെങ്കില്‍ നിങ്ങളുടെ മുന്‍പില്‍ ഒരു വലിയ തെറ്റുകാരനാവും. അങ്ങനെ ആരേയും കൊച്ചാക്കാനല്ല സംസാരിച്ചത്. അത് ആ ഫ്ലോയിലങ്ങ് പറഞ്ഞുപോയതാണ്. നിങ്ങള്‍ പറഞ്ഞപ്പോഴാണ് ഞാന്‍ അതിനെ പറ്റി ചിന്തിക്കുന്നത്. കമന്‍റ് കണ്ടപ്പോഴാണ് ആളുകള്‍ ഇങ്ങനെ വ്യഖ്യാനിക്കുന്നതിനെ പറ്റി ഞാന്‍ അറിയുന്നത്.  നമ്മള്‍ പറയുന്നതില്‍ നിന്നും വ്യത്യസ്തമായി കേള്‍ക്കുന്ന ആളിന്‍റെ മനസും ചിന്താഗതിയും പോലെ അര്‍ഥം മാറിപ്പോവാം,' അരുണ്‍ പറഞ്ഞു. 

ENGLISH SUMMARY:

YouTuber Arun Jayachandran has responded to criticism and trolls regarding his recent video about a marriage proposal. He clarified that his controversial comment about 'three-quarters of a pot of biryani' was made in a casual, humorous tone and was not intended to offend the bride's family.