nora-fathehi

Image Credit : Youtube

'കെഡി: ദ് ഡവിൾ' എന്ന കന്നട ചിത്രത്തിലെ ഗാനം വിവാദമായി മാറിയതിന് പിന്നാലെ ദേശീയ വനിതാ കമ്മീഷന് മുന്നിൽ ഹാജരായി നടി നോറ ഫത്തേഹി. സർക്കെ ചുനാർ എന്നുതുടങ്ങുന്ന ഗാനത്തിലെ ഉള്ളടക്കം ലൈംഗികച്ചുവയുള്ളതും ആക്ഷേപകരവുമാണെന്നാണ് ദേശീയ വനിതാ കമ്മീഷന്‍റെ വിലയിരുത്തല്‍. പാട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ നോറ ഫത്തേഹിയോട് വനിതാ കമ്മീഷന്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് മെയ് 7ന് രാവിലെ കമ്മീഷന് മുന്നില്‍ ഹാജരായ താരം മാപ്പെഴുതി നല്‍കി.

നോറ ഫത്തേഹിയും സഞ്ജയ് ദത്തും അഭിനയിച്ച ഐറ്റം സോങ്ങിനെച്ചൊല്ലിയാണ് വിവാദങ്ങള്‍ ഉടലെടുത്തത്. നോറയുടെ നൃത്തച്ചുടവുകളും വിമര്‍ശിക്കപ്പെട്ടു. പാട്ടിന്‍റെ വരികളിലും ദൃശ്യങ്ങളിലും അശ്ലീലം അതിരുകടക്കുന്നുവെന്നും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതാണെന്നും ആരോപണങ്ങൾ ഉയർന്നിയിരുന്നു. നോട്ടീസ് ലഭിച്ചതിന് പിന്നാലെ കമ്മീഷന് മുന്നില്‍ ഹാജരായി മാപ്പെഴുതി നല്‍കിയ വിവരം മാധ്യമങ്ങളോട് തുറന്നുപറഞ്ഞതും നോറ ഫത്തേഹി തന്നെയാണ്.

ആരെയും വ്രണപ്പെടുത്തുക എന്നത് എന്റെ ഉദ്ദേശമായിരുന്നില്ലെന്നും താരം പറഞ്ഞു. 'നടിയെന്ന നിലയിൽ ഞാൻ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട്. ഞാന്‍ എല്ലാവരോടുമായി മാപ്പ് പറയുന്നു. സമൂഹത്തിന് എന്തെങ്കിലും നല്ലത് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അതിനാല്‍ അനാഥരായ പെൺകുട്ടികളെ ഏറ്റെടുക്കാൻ ഞാൻ തീരുമാനിച്ചിട്ടുണ്ട്. അവരുടെ വിദ്യാഭ്യാസ ചെലവും ഞാന്‍ വഹിക്കും' നോറ പറഞ്ഞു.

ഇതേ സംഭവത്തില്‍ ഇതിന് മുന്‍പും സഞ്ജയ് ദത്ത് ഉൾപ്പെടെയുളളവർക്ക് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. കമ്മീഷന് മുന്നില്‍ ഹാജരായി മാപ്പെഴുതി നല്‍കിയ സഞ്ജയ് ദത്ത് 50 ആദിവാസി പെൺകുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകൾ ഏറ്റെടുക്കാമെന്നും കമ്മീഷനെ അറിയിച്ചു. ഗാനരചയിതാവ് റക്വീബ് ആലം, നിർമാതാവ് വെങ്കട് കെ. നാരായണ, സംവിധായകൻ കിരൺ കുമാർ എന്നിവരേയും കമ്മീഷൻ നോട്ടീസ് നൽകി വിളിപ്പിച്ചിരുന്നു. 

ENGLISH SUMMARY:

Norah Fatehi appeared before the National Commission for Women regarding the controversial song 'Madam Madam Madam' from the Kannada film KD: The Devil. The song's content was deemed sexually suggestive and offensive, leading to her apology and commitment to support orphaned girls' education.