minor-girl

Image Credit : Twitter

പൂണെയിലെ ഭോറില്‍ നാലുവയസുകാരി പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് പ്രതിയുടെ ഭാര്യ. പ്രതിയായ ഭീംറാവു കാംബ്ലിയ്ക്ക്  തൂക്കുകയര്‍ അല്ല നല്‍കേണ്ടതെന്നും അയാളെ പൊതുമധ്യത്തിലിട്ട് തല്ലിക്കൊല്ലുകയാണ് വേണ്ടതെന്നും ഭാര്യ പറഞ്ഞു. ആ പി‍ഞ്ചുകുഞ്ഞ് മരിച്ച അതേ ഇടത്തില്‍ പ്രതിയെ എത്തിച്ച് വധിക്കണമെന്നാണ്  ഭാര്യയുടെ പ്രതികരണം. ഇനി തൂക്കുകയറാണ് കോടതി വിധിക്കുന്നതെങ്കില്‍ പ്രതിയുടെ മൃതദേഹം പോലും തങ്ങള്‍ ഏറ്റുവാങ്ങാന്‍ വരില്ലെന്നും ഭീംറാവു കാംബ്ലിയുടെ ഭാര്യ വ്യക്തമാക്കി.

ഭീംറാവു കാംബ്ലിയുടെ ഭാര്യയുടെ വാക്കുകള്‍ ഇങ്ങനെ...'അയാള്‍ എനിക്ക് മരിച്ചതിന് തുല്യമാണ്. പാവപ്പെട്ട ഒരു കുഞ്ഞിനെ ക്രൂരമായി കൊന്ന ഇയാള്‍ക്ക് തൂക്കുകയര്‍ പോരാ..ആ കുഞ്ഞിന്‍റെ ജീവനെടുത്ത പോലെ തന്നെ അയാളുടെ ജീവനും എടുക്കണം. ആ കുഞ്ഞിന്‍റെ ജീവനെടുത്ത അതേയിടത്ത് വച്ച് തന്നെ അയാളെ തല്ലിക്കൊന്ന് കത്തിക്കണം. അയാളുടെ മുഖം കാണാനോ മരണവാര്‍ത്ത അറിയാനോ പോലും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല' എന്നും ഭീംറാവു കാംബ്ലിയുടെ ഭാര്യ പറഞ്ഞു.

10 വര്‍ഷത്തോളമായി കുടുംബവുമായി ഒരു ബന്ധവുമില്ലാതെ കഴിയുകയാണ് ഭീംറാവു. പ്രതിക്കു പരമാവധി ശിക്ഷ നൽകണമെന്നാണു കുടുംബത്തിന്റെ ആവശ്യം. പ്രതിക്കെതിരെ ഇതിന് മുന്‍പും രണ്ട് പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1998ൽ പീഡനക്കേസും 2015ൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപദ്രവിച്ചതിനു പോക്സോ കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ തെളിവുകളുടെ അഭാവത്തിൽ ഇയാളെ കോടതി വിട്ടയയ്ക്കുകയായിരുന്നു.

മെയ് ഒന്നിനാണ് പ്രതിയായ ഭീംറാവു കാംബ്ലി പൂണെയിലെ ഭോറില്‍ നാലുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയത്. മുത്തശ്ശിയുടെ വീട്ടില്‍ വിരുന്നിനെത്തിയ പെൺകുട്ടിയെ ഭക്ഷണം നൽകാമെന്നു പറഞ്ഞ് പ്രതി അടുത്തുളള തൊഴുത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയയുടെ കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷമാണു പ്രതി പീഡിപ്പിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്നും വ്യക്തമാണ്. അതേസമയം കുട്ടിയുടെ തലയില്‍ കല്ലുകൊണ്ടടിച്ചതിന്‍റെ മുറിവും ഉണ്ടായിരുന്നു. ശരീരത്ത് പലയിടങ്ങളിലും പ്രതി അതിക്രമം നടത്തിയ പാടുകളും കണ്ടെത്തി. 

ENGLISH SUMMARY:

Pune child abuse case: The wife of the accused in the Pune minor death case has spoken out, demanding a brutal public execution for her husband. She stated that capital punishment is not enough for the heinous crime and that he should be beaten to death in the same spot where the child died.