കുട്ടി ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചറി നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കി അഭിഷേക് ശർമ. ഇന്നത്തെ പ്രകടനത്തോടെ, ഒമ്പത് തവണയാണ് അഭിഷേക് ടി20യില്‍ സെഞ്ചറി കരസ്ഥമാക്കിയത്. ടി20യിൽ വിരാട് കോഹ്ലിയും ഒമ്പത് തവണ സെഞ്ചറി നേടിയിട്ടുണ്ട്.
എന്നാൽ ഇത്രയും വേഗതയില്‍ ഒമ്പത് സെഞ്ചറി പ്രകടനം നടത്താൻ മറ്റൊര്‍ക്കും സാധിച്ചിട്ടില്ല. അഭിഷേകിന്റെ ഒമ്പത് സെഞ്ചറികളും 25 വയസിനുള്ളിലാണ് എന്നതും ശ്രദ്ധേയമാണ്. 25 വയസിനുള്ളിൽ കൂടുതൽ ടി20 സെഞ്ചറി നേടുന്ന താരവും അഭിഷേക് തന്നെയാണ്. രണ്ടാമത് ശുഭ്മാൻ ഗില്ലാണ്. അദ്ദേഹത്തിന്‍റെ പേരിൽ ആറ് സെഞ്ചറികളാണുള്ളത്.
എട്ട് സെഞ്ചറികള്‍ സ്വന്തം പേരിലുള്ള രോഹിത് ശർമയെയാണ് അഭിഷേക് ശർമ മറികടന്നത്. കെ എൽ രാഹുലിനും സഞ്ജു സാംസണും ഇഷാൻ കിഷനും ഏഴ് സെഞ്ചറികൾ വീതമുണ്ട്. ശുഭ്മാൻ ഗില്ലും സൂര്യകുമാർ യാദവും റുതുരാജ് ഗെയ്ക് വാദും ആറ് സെഞ്ചറികൾ വീതം ടി20യിൽ നേടിയിട്ടുണ്ട്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ ഡൽഹി ക്യാപിറ്റൽസിനെതിരേ 47 പന്തിലാണ് അഭിഷേക് സെഞ്ചറി നേടിയത്. 68 പന്ത് നേരിട്ട് 10 വീതം സിക്സും ഫോറും ഉൾപ്പെടെ പുറത്താവാതെ 135 റൺസാണ് അഭിഷേക് നേടിയത്. 198.53 സ്ട്രെെക്ക് റേറ്റിലാണ് തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം.
ഇന്ത്യ അഭിഷേകിന് പകരം ഓപ്പണർ റോളിലേക്ക് വെെഭവ് സൂര്യവംശിയെ കൊണ്ടുവന്നേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് താരത്തിന്റെ മിന്നും സെഞ്ചറി പ്രകടനം. 7 മത്സങ്ങളില്‍ നിന്ന് 53.83 ശരാശരിയിൽ 323 റൺസാണ് അഭിഷേക് അടിച്ചെടുത്തത്. ഇതില്‍ ഒരു സെഞ്ചറിയും രണ്ട് അർധ സെഞ്ചറികളും ഉള്‍പ്പെടും.