ട്വന്റി20 ആഫ്രിക്ക കപ്പിന് കളമൊരുങ്ങുന്നു. ആറ് ടീമുകൾ പങ്കെടുക്കുന്ന ടൂര്‍ണമെന്റെന്ന ആശയം ICC ആഫ്രിക്ക റീജണൽ കോൺഫറൻസിൽ ചർച്ചയായി. ടൂര്‍ണമെന്റ് അടുത്തവര്‍ഷം മുതല്‍ ആരംഭിക്കും. ഏഷ്യ-ആഫ്രിക്ക കപ്പ് തിരിച്ചുകൊണ്ടുവരുന്ന കാര്യവും പരിഗണനയിലുണ്ട്.
ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ ടീമുകള്‍ ആഫ്രിക്ക കപ്പില്‍ ഉറപ്പായും പങ്കെടുക്കും. മറ്റ് മൂന്നു ടീമുകളെ, രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന യോഗ്യതാ മല്‍സരങ്ങളിലൂടെയായിരിക്കും തിരഞ്ഞെടുക്കുക. ഈ വർഷം ഒരു ത്രിരാഷ്ട്ര പരമ്പരയായാണ് ടൂർണമെന്റ് നടത്തുക. ഓഗസ്റ്റിൽ നടക്കുന്ന ആദ്യ പതിപ്പിന് നമീബിയ ആതിഥേയത്വം വഹിക്കുമെന്നാണ് സൂചന. മുൻപ് ആഫ്രിക്കയിലെ അസോസിയേറ്റ് രാജ്യങ്ങളെ മാത്രം ഉൾപ്പെടുത്തി നടത്തിയിരുന്ന ആഫ്രിക്ക കപ്പ് സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് നിർത്തിവെച്ചിരുന്നു. ആഫ്രിക്കൻ ടൂർണമെന്റിന്റെ ചർച്ചകൾക്കിടെ, ഏഷ്യ-ആഫ്രിക്ക കപ്പ് പുനരുജ്ജീവിപ്പിക്കാനുള്ള നീക്കങ്ങളും സജീവമാണ്. ആഫ്രിക്കന്‍ ഇലവനും ഏഷ്യന്‍ ഇലവനും ഏറ്റുമുട്ടുന്ന ടൂര്‍ണമെന്റ് 2005-ലും 2007-ലുമായി നടന്നിരുന്നു. എന്നാല്‍ ടൂർണമെന്റിന്റെ തിരിച്ചുവരവിന് വെല്ലുവിളികളേറെയാണ്. ബിസിസിഐയുടെ നിലപാട് നിർണായകമാകും. ഇന്ത്യൻ താരങ്ങൾ പാക്കിസ്ഥാൻ താരങ്ങൾക്കൊപ്പം ഒരു ടീമിൽ കളിക്കുന്നതിനുള്ള സാധ്യതയെ ബിസിസിഐ പൂർണമായും തള്ളിക്കളഞ്ഞേക്കാം