Image: Manorama

ഐപിഎല്‍ കളിക്കാര്‍, കമന്റേറ്റര്‍മാര്‍ എന്നിവര്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ബിസിസിഐ. കളിക്കാരുടെ മുറികളില്‍ രാത്രി വൈകിയും സന്ദര്‍ശകര്‍ എത്തുന്ന സംഭവങ്ങള്‍ക്കെതിരെയാണ് ബോര്‍ഡിന്റെ നീക്കം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഹണിട്രാപ്, വാതുവയ്പ് പോലുള്ള ചതിക്കുഴികളില്‍ പെടാന്‍ സാധ്യതയുണ്ടെന്ന് കൂടി ചൂണ്ടിക്കാട്ടിയാണ് ബി.സി.സി.ഐയുടെ ആന്റി കറപ്ഷൻ യൂണിറ്റിന്റെ നിര്‍ദേശം.

അതിഥികളുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ടീം മാനേജരോട് വിശദീകരണം ചോദിച്ചപ്പോള്‍, താരം ടീമിലെ സീനിയര്‍ ആണെന്ന നിരുത്തരവാദപരമായ മറുപടിയാണ് നല്‍കിയതെന്നും ബിസിസിഐ വ്യക്തമാക്കുന്നു. കളിക്കാരുടേയും സപ്പോര്‍ട്ടിങ് സ്റ്റാഫിന്റേയും മുറികളില്‍ സന്ദര്‍ശകരെത്തുന്നതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ ബോര്‍ഡിനെ താന്‍ ബോധ്യപ്പെടുത്തിക്കൊള്ളാമെന്ന മറുപടിയാണ് സീനിയര്‍ താരം നല്‍കിയതെന്നും മുന്‍ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.

കളിക്കാര്‍ക്കിടെയില്‍ സുരക്ഷയും അച്ചടക്കവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സന്ദർശനങ്ങൾ മുറിയിൽ പാടില്ലെന്നും, പകരം ഹോട്ടൽ ലോബിയിലോ റെസ്റ്റോറന്റിലോ വെച്ച് കൂടിക്കാഴ്ചകൾ നടത്തണമെന്ന് നിര്‍ദേശിക്കുന്നതെന്നും ബിസിസിഐ വ്യക്തമാക്കുന്നു. മാര്‍ഗരേഖ താരങ്ങള്‍ക്കും മറ്റു ജീവനക്കാര്‍ക്കും കൈമാറിയിട്ടുണ്ട്. മാത്രമല്ല താരങ്ങളുടെ മുറികളിൽ മുൻകൂട്ടി അറിയിക്കാതെ പരിശോധന നടത്താൻ ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗത്തിന് അധികാരമുണ്ടെന്നും പിഴവുകൾ കണ്ടെത്തിയാൽ ശക്തമായ നടപടികളെടുക്കുമെന്നും അധികൃതർ ഓര്‍മിപ്പിക്കുന്നു. 

സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ സന്ദര്‍ശിക്കുന്നതിനല്ല വിലക്കെന്നും രാത്രി പത്തുമണി കഴിഞ്ഞും മുറിയില്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ പാടില്ലെന്നാണ് നിര്‍ദേശിക്കുന്നതെന്നും ബോര്‍ഡ് വ്യക്തമാക്കുന്നു. അതേസമയം തന്നെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലെന്നും പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗം മാത്രമാണെന്നും ബിസിസിഐ സൂചിപ്പിക്കുന്നു.  

BCCI Issues Strict Guidelines for IPL Players and Commentators:

IPL players and commentators have been issued strict guidelines by the BCCI regarding late-night visitors in their rooms. These measures aim to prevent players from falling into traps like honey traps and betting.