ഇറ്റലിയില്‍ നടക്കുന്ന വിന്റര്‍ ഒളിംപികിസിനിടെ അമേരിക്കന്‍ സ്കീയിങ് ഇതിഹാസം ലിന്‍ഡ്സെ വോണിന് ഗുരുതര പരുക്ക്. താരത്തെ എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.
പരുക്കേറ്റ കാല്‍മുട്ടുമായി കരിയറിലെ അവസാന ഒളിംപിക്സില്‍ സ്വര്‍ണം തേടിയിറങ്ങിയ ലിൻഡ്സെ വോണിന് 20 സെക്കന്റുകള്‍ക്കകം നിയന്ത്രണം നഷ്ടപ്പെട്ടു. നാലാമത്തെ ഗേറ്റിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട താരം, അതിവേഗത്തിൽ ട്രാക്കിൽനിന്ന് തെന്നിമാറി മഞ്ഞിലേക്ക് പതിച്ചു.
വോണിന്റെ വേദന നിറഞ്ഞ അലർച്ച ടെലിവിഷൻ സംപ്രേഷണത്തിൽ കേൾക്കാമായിരുന്നു. 41കാരിയായ വോണിനെ ഒൻപത് ദിവസത്തിനിടെ രണ്ടാം തവണയാണ് രക്ഷാപ്രവർത്തനത്തിനുള്ള ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റുന്നത്. ഏറ്റവുമധികം ലോകകപ്പുകള്‍ നേടിയിട്ടുള്ള വനിതാ താരമായ ലിന്‍ഡ്സെ വോണ്‍ മൂന്ന് ഒളിംപിക്സ് മെഡലുകളും നേടിയിട്ടുണ്ട്. ഈ വർഷം രണ്ട് ലോകകപ്പ് മത്സരങ്ങളിൽ വിജയിച്ചതോടെ, ആൽപൈൻ സ്കീയിങ്ങിൽ ഒളിംപിക് മെഡൽ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമാകാമെന്ന പ്രതീക്ഷയിലായിരുന്നു.