Image: Social Media
മാലദ്വീപില്‍ വെള്ളത്തിനടിയിലെ ഗുഹയില്‍ പര്യവേക്ഷണം നടത്തുന്നതിനിടെ അഞ്ച് ഇറ്റാലിയന്‍ മുങ്ങല്‍ വിദഗ്ധര്‍ മുങ്ങി മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവം. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ഡൈവിങ് അപകടമാണിതെന്ന് പ്രാദേശിക അധികൃതര്‍ പറയുന്നു. പ്രതികൂലമായ കാലാവസ്ഥയായതിനാല്‍ ഇതുവരെ ഒരാളുടെ മൃതദേഹം മാത്രമേ പുറത്തെടുക്കാന്‍ സാധിച്ചിട്ടുളളൂ.
50 മീറ്റർ താഴ്ചയിൽ സ്ഥിതി ചെയ്യുന്ന വാവു അറ്റോളിലെ ഗുഹകളില്‍ പര്യവേക്ഷണം നടത്തുന്നതിനിടെയാണ് അഞ്ചുപേര്‍ക്കും ജീവന്‍ നഷ്ടമായത്. മരണകാരണം ഇതുവരെ കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്.
മോശം കാലാവസ്ഥയെത്തുടര്‍ന്ന് കൃത്യമായ കാഴ്ച മറഞ്ഞതോ നേരായ പാത നഷ്ടപ്പെട്ടതോ ആവാം കാരണമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. അന്വേഷണം പുരോഗമിക്കുകയാണെന്നും ബാക്കി നാലുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനായുളള തിരച്ചില്‍ ഇന്നാരംഭിക്കുമെന്നും അധികൃതര്‍ പറയുന്നു.
ഡ്യൂക്ക് ഓഫ് യോര്‍ക്ക് എന്ന നൗകയിലാണ് അഞ്ചുപേരും പര്യവേക്ഷണം നടത്തിയിരുന്നത്. മോണിക്ക മോണ്ടെഫാൽകോൺ, ജോർജിയ സോമാക്കൽ, ഫെഡറിക്കോ ഗ്വാൾട്ടിയേരി, മുറിയൽ ഒഡെനിനോ, ജിയാൻലൂക്ക ബെനെഡെറ്റി എന്നിവരാണ് മരിച്ചതെന്ന് മാലദ്വീപ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ജനോവ സര്‍വകലാശാലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന നാലുപേരുടെ മൃതദേഹമാണ് കണ്ടെത്താനുളളത്. നൗകയുടെ ഓപ്പറേഷന്‍സ് മാനേജരായിരുന്ന ജിയാൻലൂക്ക ബെനെഡെറ്റിയുടെ മൃതദേഹമാണ് വീണ്ടെടുക്കാന്‍ സാധിച്ചത്.
ജെനോവ സര്‍വകലാശാലയിലെ ട്രോപിക്കല്‍ മറൈന്‍ ഇക്കോളജി ആന്‍ഡ് അണ്ടര്‍വാട്ടര്‍ സയന്‍സ് പ്രഫസറും സമുദ്ര ജീവശാസ്ത്രജ്ഞനുമാണ് മരിച്ച മോണ്ടെഫാൽകോൺ. സമുദ്ര പരിസ്ഥിതി ശാസ്ത്രജ്ഞരും മുങ്ങല്‍ വിദഗ്ധരുമാണ് ഇറ്റാലിയന്‍ സ്വദേശികളായ നാലുപേരും. മൃതദേഹം ഇറ്റലിയിലേക്ക് കൊണ്ടുപോകുന്നതിനായി ഡൈവേഴ്‌സ് അലെർട്ട് നെറ്റ്‌വർക്ക് എന്ന സംഘടനയുമായി ഏകോപിപ്പിച്ച് വരികയാണെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ അറിയിച്ചു.