Image: AP & PTI

പതിവ് തെറ്റാതെ ഒരിക്കല്‍ക്കൂടി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാകുകയാണ് മോദി– മെലനി ‘കെമിസ്ട്രി’. ഇത്തവണ മെലഡി മിഠായിയുടെ ഒരു പാക്കറ്റ് കൂടിയുണ്ട് സ്പോട്ട് ലൈറ്റില്‍. മെലഡി പാക്കറ്റാണ് ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് സമ്മാനമായി നല്‍കിയത്. ജോര്‍ജിയ മെലനി തന്നെ തന്റെ എക്സ് ഹാന്‍ഡിലിലൂടെ ഇതിന്‍റെ വിഡിയോ പങ്കുവയ്ക്കുകയും ചെയ്തു. ഇവരുടെയും കെമിസ്ട്രിയെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നതും ‘മെലഡി’ എന്നാണ്. ഇതോടെയാണ് എക്കാലത്തെയും സോഷ്യല്‍ മീഡിയയുടെ പ്രിയ്യപ്പെട്ട ‘നയതന്ത്ര ജോഡികൾ’ വീണ്ടും വൈറലായത്.

ജി7 ഉച്ചകോടിയുടെയും കോപ്28 (COP28) സമ്മേളനങ്ങളുടെയും സമയത്താണ് നരേന്ദ്ര മോദിയും ജോർജിയ മെലനിയും തമ്മിലുള്ള ഊഷ്മളമായ സൗഹൃദം ലോക ശ്രദ്ധയാകര്‍ഷിക്കുന്നത്. പിന്നീട് മോദിയും മെലനിയും കണ്ടുമുട്ടുമ്പോഴെല്ലാം അവരുടെ സൗഹൃദം ചര്‍ച്ചയായി തുടങ്ങി. 'നല്ല സുഹൃത്തുക്കൾ' എന്നാണ് ഇരുവരും പരസ്പരം വിശേഷിപ്പിക്കുന്നത്.

2023 സെപ്റ്റംബറിൽ, ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിലെ മോദിയുടെയും മെലനിയുടേയും ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ മീമുകളുടെ ഒരു പ്രളയത്തിന് തന്നെ കാരണമായി. സന്ദർശന വേളയിൽ, മോദി മെലനിക്ക് ഒരു പട്ടോള സ്കാർഫും സമ്മാനമായി നൽകിയിരുന്നു. അതേവര്‍ഷം തന്നെ ദുബായിൽ നടന്ന കോപ്28 കാലാവസ്ഥാ ഉച്ചകോടിക്കിടെ മെലനിയുടേയും മോദിയുടേയും ഒരു സെൽഫി വൈറലായി. ‘ഗുഡ് ഫ്രണ്ട്സ് അറ്റ് COP28’, ഹാഷ് ടാഗ് 'മെലോഡി' എന്നായിരുന്നു സെല്‍ഫിയുടെ താഴെ മെലനി എഴുതിയത്. ‘സുഹൃത്തുക്കളെ കാണുന്നത് എപ്പോഴും സന്തോഷകരമാണ്’ എന്ന് പോസ്റ്റിന് മോദിയുടെ മറുപടിയുമെത്തി.

തൊട്ടടുത്ത വര്‍ഷം, 2024 ജൂണിൽ ജി7 ഉച്ചകോടിക്കായി മോദി ഇറ്റലിയിലെത്തിയപ്പോള്‍ മെലനി മോദിക്കൊപ്പമുള്ള ഒരു സെൽഫിയും വിഡിയോയും പങ്കിട്ടിരുന്നു. രണ്ടും ഇന്റർനെറ്റിൽ വൈറലായി. വിഡിയോയിൽ ഇരുനേതാക്കളും ക്യാമറയ്ക്ക് നേരെ കൈവീശി കാണിക്കുന്നത് കാണാമായിരുന്നു. ‘ഹായ് ഫ്രണ്ട്‌സ്, ഫ്രം മെലഡി’ എന്ന് കുറിച്ചായിരുന്നു അന്ന് മെലനിയുടെ പോസ്റ്റ്. ഇന്ത്യ-ഇറ്റലി സൗഹൃദം നീണാൾ വാഴട്ടെ! എന്ന് പോസ്റ്റിന് മോദിയുടെ മറുപടിയും. അങ്ങിനെ മെലഡി എന്ന ഹാഷ്‌ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായി. രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാം തവണയും അധികാരമേല്‍ക്കുമ്പോള്‍ ആശംസകളുമായും മെലനി എത്തിയിരുന്നു.

എന്തായാലും വൈറലാകുന്ന പതിവ് തെറ്റാതെയാണ് ഇത്തവണത്തയും മോദി– മെലനി കൂടിക്കാഴ്ച. മോദിയും മെലനിയും ക്യാമറയ്ക്ക് മുന്‍പില്‍ മിഠായിപ്പാക്കറ്റുമായി നില്‍ക്കുന്ന വിഡിയോ വന്‍ ഹിറ്റാണ്. ‘പ്രധാനമന്ത്രി മോദി എനിക്ക് മികച്ചൊരു സമ്മാനം നല്‍കി, മെലഡി മിഠായി’–എന്നാണ് മെലനി വിഡിയോയില്‍ പറയുന്നത്. പറ‍ഞ്ഞ് തീരുംമുന്‍പേ ഇരുവരും പൊട്ടിച്ചിരിക്കുന്നതും വിഡിയോയിലുണ്ട്. ‘മെലഡി’ എന്ന ട്രെൻഡിന് ഈ ചിത്രങ്ങൾ വീണ്ടും ജീവൻ പകർന്നു. ഈ വിഡിയോ മാത്രമല്ല, ഇറ്റലിയിലെത്തിയ മോദി മെലോനിയുടെ അത്താഴ വിരുന്ന് സൽക്കാരത്തിനുശേഷം കൊളോസ്സിയം സന്ദർശിച്ച ചിത്രങ്ങളും വൈറലാണ്. ‘വെൽകം ടു റോം, മൈ ഫ്രണ്ട്’ എന്നാണ് മോദിയെ സ്വാഗതം ചെയ്തുകൊണ്ട് മെലോനി എക്സിൽ കുറിച്ചത്.

അതേസമയം. സെൽഫികൾക്കും സോഷ്യൽ മീഡിയയിലെ വൈറല്‍ കാഴ്ചകള്‍ക്കുമപ്പുറം, യൂറോപ്പിലും ഇൻഡോ-പസഫിക് മേഖലയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനായി നയതന്ത്ര ചർച്ചകളിലാണ് ഈ സന്ദർശനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള വ്യാപാര ഇടപാടുകൾ 2029 ആകുമ്പോഴേക്കും 2000 കോടി യൂറോ (2.24 ലക്ഷം കോടി രൂപ) എന്ന നിലയിൽ എത്തിക്കുമെന്ന് നരേന്ദ്രമോദിയും ജോർജ മെലോനിയും വ്യക്തമാക്കിക്കഴിഞ്ഞു. അതായത്, വെറുമൊരു ട്രെൻഡ് മാത്രമല്ല, ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ നയതന്ത്ര ബന്ധത്തിന്റെ പ്രതീകം കൂടിയാണ് െമലഡി’.

ENGLISH SUMMARY:

The viral internet chemistry between Indian Prime Minister Narendra Modi and Italian Prime Minister Giorgia Meloni has taken social media by storm once again, this time featuring a packet of India's famous 'Melody' candy. During Modi's official visit to Rome, Meloni shared a lighthearted video on her X (formerly Twitter) account showcasing the unique gift and playfully stating, "PM Modi gave me a great gift, Melody chocolate," before both leaders shared a hearty laugh. The interaction has re-energized the massively popular online hashtag '#Melodi', alongside viral photos of the duo visiting the historic Colosseum after an official dinner. Beyond the captivating digital camaraderie, the visit marked serious diplomatic advancements targeted at reinforcing bilateral ties across Europe and the Indo-Pacific region. Both leaders formally asserted their strategic economic roadmap, aiming to scale India-Italy trade volumes to a staggering 20 billion Euros (₹2.24 lakh crore) by the year 2029.