2018ലെ എം.ജെ. അക്ബറിന്‍റെ പടിയിറക്കത്തിന് ശേഷം, രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രാജിവയ്ക്കുന്ന രണ്ടാമത്തെ പ്രമുഖനാണ് ധർമേന്ദ്ര പ്രധാൻ. ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ഡൽഹിയിലെ ജന്തർ മന്തർ കേന്ദ്രീകരിച്ച് കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾക്കൊടുവിലാണ് ധർമേന്ദ്ര പ്രധാന്‍റെ രാജി.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. ചർച്ചയിൽ മറ്റ് ആവശ്യങ്ങൾ അംഗീകരിച്ചെങ്കിലും ധർമേന്ദ്ര പ്രധാന്റെ രാജിയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ ഉറപ്പ് നൽകിയിരുന്നില്ല. എന്നാൽ, പ്രക്ഷോഭം അവസാനിപ്പിക്കാൻ മറ്റ് മാർഗമില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് മന്ത്രി രാജി സമർപ്പിച്ചതെന്നാണ് വിലയിരുത്തൽ.

"നാലു പതിറ്റാണ്ടായി ഞാൻ എന്‍റെ ജീവിതം വിദ്യാർഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കുമായി ഉഴിഞ്ഞുവച്ചിരിക്കുന്നയാളാണ്. കരുത്തുറ്റ രാജ്യത്തിന്‍റെ അടിത്തറ കരുത്തുറ്റതും ദീർഘവീക്ഷണമുള്ളതുമായ വിദ്യാഭ്യാസ സമ്പ്രദായമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. രാജ്യത്തെ വിദ്യാർഥികളുടെ പ്രതീക്ഷകളെയും വികാരങ്ങളെയും അങ്ങേയറ്റം ഞാൻ മാനിക്കുന്നു. ഈ രാജ്യത്തെ സേവിക്കാൻ എനിക്ക് അവസരം നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്‍റെ മഹത്തായ നേതൃത്വത്തിനും ഞാൻ നന്ദി പറയുന്നു.

ജന്തർ മന്തറിൽ നിലവിലുള്ള സാഹചര്യത്തിൽനിന്ന് രാജ്യവിരുദ്ധ ശക്തികൾ നേട്ടമുണ്ടാക്കാതിരിക്കാനും രാജ്യത്തിന്‍റെ ഐക്യം കാത്തുസൂക്ഷിക്കാനും, കുട്ടികൾ അവരുടെ സമയം പഠനത്തിനായി വിനിയോഗിക്കുകയും മികച്ച കരിയർ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യേണ്ടതുണ്ട്. നിയമനടപടികളിൽപ്പെട്ട് ഒരു വിദ്യാർഥിയുടെ പോലും ജീവിതം നശിക്കാതിരിക്കാനാണ് ഞാൻ എന്‍റെ രാജിക്കത്ത് പ്രധാനമന്ത്രിക്ക് സമർപ്പിക്കുന്നത്" എന്നാണ് ധർമേന്ദ്ര പ്രധാന്‍റെ രാജിക്കത്തിലുള്ളത്.

എന്നാൽ, ധർമേന്ദ്ര പ്രധാന്‍റെ രാജിയിലേക്ക് നയിച്ച സാഹചര്യങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു 2018ൽ വിദേശകാര്യ സഹമന്ത്രിയായിരുന്ന എം.ജെ. അക്ബറിന്റെ രാജി. 'മീ ടൂ' മൂവ്‌മെന്‍റ് ശക്തമായ സമയത്താണ് ഒട്ടേറെ സ്ത്രീകൾ അക്ബറിനെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയത്. പ്രമുഖ പത്രങ്ങളുടെ എഡിറ്ററായിരുന്ന കാലത്ത് അക്ബറിനൊപ്പം ജോലി ചെയ്യുകയോ അദ്ദേഹവുമായി ഇടപഴകുകയോ ചെയ്തവരായിരുന്നു ആരോപണം ഉന്നയിച്ചവരിൽ ഭൂരിഭാഗവും.

തുടക്കത്തിൽ ആരോപണങ്ങളെ 'തെളിവുകളില്ലാത്ത വൈറൽ പനി' എന്ന് വിശേഷിപ്പിച്ച് തള്ളിക്കളയുകയായിരുന്നു അക്ബർ. എന്നാൽ, സമ്മർദം ശക്തമായതോടെ ഒടുവിൽ അദ്ദേഹത്തിന് മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നു. രാജി സ്വന്തം തീരുമാനപ്രകാരമാണെന്നും ബി.ജെ.പിയിൽ തുടരുമെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു അന്ന് അക്ബറിന്‍റെ രാജി.

Dharmendra Pradhan Resigns Amid NEET Paper Leak Controversy:

Dharmendra Pradhan's resignation follows a series of protests demanding accountability for the NEET exam paper leak. This resignation marks a significant moment in Indian politics amidst rising concerns about exam integrity and ethical leadership