ക്രിക്കറ്റ് ദൈവവും ഫുട്ബോൾ മിശിഹായും ഒരേ വേദിയിൽ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ആ ചരിത്ര നിമിഷത്തിന് ആയിരക്കണക്കിന് കാണികൾ സാക്ഷിയായി.സച്ചിന്‍ തന്റെ പത്താം നമ്പര്‍ ജഴ്‌സി മെസ്സിക്ക് സമ്മാനിച്ചു. പിന്നാലെ 2026 ലോകകപ്പിന്റെ ഔദ്യോഗിക പന്ത് മെസ്സി സച്ചിനും സമ്മാനിച്ചു. സുനില്‍ ഛേത്രിക്കും ഫഡ്‌നാവിസിനും മെസ്സി ലോകകപ്പ് ജേഴ്‌സിയും സമ്മാനിച്ചു. സഹതാരങ്ങളായ ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും മെസ്സിക്കൊപ്പമുണ്ടായിരുന്നു.

തിങ്ങിനിറഞ്ഞ സ്‌റ്റേഡിയത്തിന് നടുവിലായിരുന്നു ഞായറാഴ്ച വൈകുന്നേരം മെസ്സി വന്നിറങ്ങിയത്. ആരാധകര്‍ ആര്‍പ്പുവിളികളോടെ മെസ്സിയെ വരവേറ്റു. ‘ഞാൻ ഇവിടെ അവിസ്മരണീയമായ ചില നിമിഷങ്ങൾ ചെലവഴിച്ചു. നമ്മൾ വിളിക്കുന്നതുപോലെ, മുംബൈ സ്വപ്നങ്ങളുടെ നഗരമാണ്. ഈ വേദിയിൽ വെച്ച് നിരവധി സ്വപ്നങ്ങൾ ലക്ഷ്യം കണ്ടിട്ടുണ്ട്. ഇന്ന്, ഈ മൂന്നുപേരെയും ഇവിടെ കാണുന്നത് മുംബൈക്കാർക്കും, ഇന്ത്യയ്ക്കും ഒരു സുവർണ നിമിഷമാണ്. - സച്ചിൻ പറഞ്ഞു.മെസ്സിയുടെ കളിയെക്കുറിച്ച് സംസാരിക്കാൻ ഇത് ശരിയായ വേദിയല്ല. അദ്ദേഹത്തെക്കുറിച്ച് എന്താണ് പറയേണ്ടത്? അദ്ദേഹം എല്ലാം നേടിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ സമർപ്പണത്തെയും, നിശ്ചയദാർഢ്യത്തെയും, പ്രതിബദ്ധതയെയും അഭിനന്ദിക്കുന്നു. മുംബൈയിലെത്തിയതിന് മെസ്സിക്ക് നന്ദി പറഞ്ഞാണ് സച്ചിൻ പ്രസംഗം അവസാനിപ്പിച്ചത്.  

ഗോട്ട് ഇന്ത്യ ടൂറിന്റെ ഭാഗമായാണ് ലയണല്‍ മെസ്സി മുംബൈയിലെത്തിയത്. വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ഇതിഹാസതാരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സുനില്‍ ഛേത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്‍ പങ്കെടുത്തു. ഗോട്ട് ടൂറിന്റെ രണ്ടാം ദിനമാണ് ഞായറാഴ്ച. ശനിയാഴ്ച കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് മെസ്സിയുടെ സന്ദര്‍ശനമുണ്ടായിരുന്നത്.

ENGLISH SUMMARY:

Lionel Messi's India visit became a memorable event with his meeting with Sachin Tendulkar. The legends exchanged gifts and shared inspiring words at Mumbai's Wankhede Stadium.