ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ പരിശീലനം കഴിഞ്ഞ് കേരള ക്രിക്കറ്റ് ടീം മടങ്ങാനൊരുങ്ങുമ്പോള്‍ കണ്‍മുന്നില്‍ ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. മുന്‍ നായകന്‍ സച്ചിന്‍ ബേബി നേരെ ചെന്ന് പരിചയം പുതുക്കി. കുറേക്കാലമായല്ലോ കണ്ടിട്ടെന്നായിരുന്നു ഇതിഹാസം സച്ചിന്‍ കേരളത്തിന്റെ സച്ചിനോട് പറഞ്ഞത്. സുഖവിവരമന്വേഷിച്ച സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഗോവയ്ക്കെതിരെ മികച്ചപ്രകടനം നടത്തണമെന്നും സച്ചിന്‍ ബേബിയോട് പറഞ്ഞു. കേരള ടീമംഗങ്ങള്‍ക്ക് വിജയാശംസ നേര്‍ന്നാണ് സച്ചിന്‍ മടങ്ങിയത്. കേരള താരങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു.
ഗോവ ടീമംഗമാണ് സച്ചിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍. നാളെ ഗോവയ്ക്കെതിരെയാണ് കേരളത്തിന്റെ മല്‍സരം. ഗ്രൂപ്പ് ബിയില്‍ കേരളം അവസാന സ്ഥാനത്തും ഗോവ അഞ്ചാം സ്ഥാനത്തുമാണ്. ആറുമല്‍സരങ്ങളില്‍ കേരളത്തില്‍ രണ്ട് സമനിലയും നാല് തോല്‍വിയുമാണുള്ളത്. ഗോവയ്ക്കാകട്ടെ ഒരു ജയവും മൂന്ന് സമനിലയുമായി പതിനൊന്ന് പോയിന്റുണ്ട്.