ഫുട്ബോൾ ഇതിഹാസം മെസി ലിവർപൂളിലേക്ക്, ഇങ്ങനെയൊരു തലക്കെട്ട് വരുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. വായ്പാ കരാറിൽ മെസിയെ ടീമിലെത്തിക്കാനാണ് ലിവർപൂൾ ശ്രമിക്കുന്നതെന്നാണ് റൂമറുകൾ. ജനുവരി ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചതിനു പിന്നാലെയാണ് ലയണൽ മെസിയുടെ പ്രീമിയർ ലീഗിലേക്കുള്ള കൂടുമാറ്റം വാർത്തകളിൽ നിറയുന്നത്.
മേജർ ലീഗ് സോക്കറിൽ ഗോളടിമേളത്തോടെ സീസൺ അവസാനിപ്പിച്ച മെസി വിശ്രമത്തിലാണ് ഇപ്പോൾ. ഫെബ്രുവരി അവസാനവാരമാണ് ഇന്റർ മയാമിയുടെ മത്സരങ്ങൾ പുനരാരംഭിക്കുക. ഈ ഇടവേളയിൽ ബെക്കാം റൂൾ പ്രകാരം മെസിയെ പ്രീമിയർ ലീഗിൽ എത്തിക്കാനാണ് നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിന്റെ ശ്രമമെന്നാണ് സംസാരം. ജൂണിൽ ലോകകപ്പിന് കിക്കോഫ് കുറിക്കാനിരിക്കെ, ദീർഘകാലം കളിയില്ലാതെയിരിക്കുന്നത് മെസിയുടെ ലോകകപ്പ് ടീമിലേക്കുള്ള സാധ്യതയെ ബാധിക്കുമെന്നതിനാൽ താരവും മികച്ച മത്സരങ്ങളുള്ള ലീഗിൽ കളിക്കാനും താൽപര്യപ്പെടുന്നതായാണ് വാർത്ത. ഇതു പ്രകാരമാണ് ലിവർപൂൾ ഹ്രസ്വകാല വായ്‌പയിൽ മെസിയെ ഇംഗ്ലണ്ടിലെത്തിക്കാൻ ശ്രമിക്കുന്നതെന്നാണ് വിവരം.
ഇടവേളയിൽ ബാർസലോനയിൽ മെസി കളിക്കാനെത്തുമെന്ന് വാർത്തയുണ്ടായിരുന്നെങ്കിലും ദീർഘകാലം കളിച്ച ക്ലബിന്‍റെ മാനേജ്മെന്റുമായി അഭിപ്രായ വ്യത്യാസം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മെസ്സി, ഇതുവരെ കളിക്കാതെ ഫുട്ബാൾ ലീഗിൽ ഭാഗമാവാൻ ഒരുങ്ങുന്നത്.
അമേരിക്കയിൽ കളിക്കുന്ന താരം, സീസൺ ഇടവേളയിൽ യൂറോപ്പിൽ കളിക്കുന്ന തന്ത്രമാണ് ബൈക്കാം റൂൾ. 2007ൽ റയൽ മഡ്രിഡ് വിട്ട് അമേരിക്കൻ ക്ലബ് എൽ.എ ഗാലക്സിയിൽ ചേർന്ന ഡേവിഡ് ബെക്കാം, ജനുവരി മുതൽ മാർച്ച് വരെയുള്ള എം.എൽ.എസ് ഇടവേളയിൽ യൂറോപ്പിൽ കളിക്കാൻ തീരുമാനിച്ചതിൽ നിന്നാണ് ഈ കീഴ്വഴക്കം ആരംഭിക്കുന്നത്. ഹ്രസ്വകാല വായ്‌പയിൽ ഏതാനും ആഴ്ചയിൽ ഡേവിഡ് ബെക്കാം എ.സി മിലാനിൽ കളിച്ചു. രണ്ടു സീസണിൽ ബെക്കാം സമാനമായ രീതിയിൽ എ.സി മിലാനിൽ കളിച്ചിരുന്നു. ഇതാണ് പിന്നീട് ബെക്കാം റൂൾ എന്നറിയപ്പെട്ടത്.
എന്നാൽ ഈ ഡീൽ നടക്കാൻ സാധ്യത വളരെ കുറവാണ്. ഇന്റർ മയാമി മെസിയെ വായ്‌പയിൽ കൈവിടാൻ തയ്യാറാകുമോ എന്നാണ് പ്രധാന ചോദ്യം. ഇന്റർ മയാമിയുടെ അടിത്തറയെന്ന് പറയുന്നത് മെസിയാണ്. ഇതിഹാസ താരത്തിന്റെ വരവോടെയാണ് ഇന്റർ മയാമിക്ക് ഇത്രത്തോളം ശ്രദ്ധ ലഭിച്ച് തുടങ്ങിയത്. അതുകൊണ്ടുതന്നെ വായ്പയിലാണെങ്കിൽ പോലും മെസിയെ കൈവിടാൻ ഇൻ്റർ മയാമി തയ്യാറായേക്കില്ല. എല്ലാം കാത്തിരുന്നു കാണാം