മാര്‍ച്ച് 'വിന്‍ഡോ'യിലും ലയണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തിലേക്കില്ല. മാര്‍ച്ച് 27നും 31നുമായി ഖത്തറില്‍ രണ്ട് മല്‍സരങ്ങള്‍ അര്‍ജന്റീന കളിക്കും. 27ന് ഫൈനലിസിമയില്‍ സ്പെയിനുമായും 31ന് ഖത്തറുമായി സൗഹൃദമല്‍സരത്തിലും അര്‍ജന്റീന കളിക്കും. മാര്‍ച്ചില്‍ അര്‍ജന്റീന ടീം കേരളത്തില്‍  എത്തുമെന്നായിരുന്നു സ്പോണ്‍സറുടെ അവകാശവാദം

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ കളിപ്പിക്കാനായി നടന്ന ഒരു കാര്യങ്ങളും തീരുമാനങ്ങളും തങ്ങൾക്ക് അറിയില്ലെന്നായിരുന്നു സംസ്ഥാന കായിക വകുപ്പിന്റെ നിലപാട്. മെസിയെയും സംഘത്തെയും കേരളത്തിൽ എത്തിക്കാൻ സ്വകാര്യ ടിവി ചാനൽ കമ്പനിയെ സർക്കാർ സ്പോൺസർഷിപ് ഏൽപ്പിച്ചെങ്കിലും അതിനായി ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരം വകുപ്പ് വ്യക്തമാക്കി. 

അർജന്റീന കേരളത്തിൽ കളിക്കാനെത്തുന്നതായി സർക്കാരിന് ഔദ്യോഗികമായി വിവരം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിവരാവകാശ ചോദ്യങ്ങൾക്ക് അതു സംബന്ധിച്ച വിവരം തങ്ങളുടെ പക്കൽ ലഭ്യമല്ലെന്നാണു മറുപടി. 

ഈ വിവരങ്ങൾ നൽകാനായി അപേക്ഷ കായിക മന്ത്രിയുടെ ഓഫിസിലേക്കു അയച്ചുവെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ ടീമിനെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വകുപ്പിന്റെ 13 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചകൾക്കായി കായികമന്ത്രി വി.അബ്ദുറഹിമാനും 2 ഉന്നത ഉദ്യോഗസ്ഥരും സ്പെയിനിൽ പോയ വകയിലായിരുന്നു ഈ ചെലവ്. കരാറിലെ വ്യവസ്ഥകളിൽ സ്പോൺസർമാരായ റിപ്പോർട്ടിങ് ബ്രോഡ്കാസ്റ്റിങ് കമ്പനി വീഴ്ച വരുത്തിയതിനാൽ കഴിഞ്ഞ ഏപ്രിലിൽ 2 തവണ കാരണംകാണിക്കൽ നോട്ടിസ് നൽകിയെന്നാണ് വകുപ്പിലെ ഉന്നതർ അന്ന് അറിയിച്ചിരുന്നത്. എന്നാൽ സ്പോൺസർഷിപ് കരാർ ഇല്ലെന്നാണ് ഇപ്പോൾ വകുപ്പിന്റെ വിചിത്ര മറുപടി.

ENGLISH SUMMARY:

Argentina football team Kerala visit is not happening during the March window. Despite sponsorship claims and government expenses for discussions, no official agreement was in place to bring Messi and the team to Kerala.