ഇറാൻ – ഇസ്രയേൽ, യുഎസ് സംഘർഷത്തിനിടെ കൊച്ചി തുറമുഖത്ത് നങ്കുരമിട്ടിരിക്കുന്ന ഇറാനിയൻ പടക്കപ്പൽ ഐആർഐഎസ് ലവാന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ചതിന് മാധ്യമ പ്രവർത്തകർ അറസ്റ്റിൽ. റിപ്പബ്ലിക് ടിവി റിപ്പോർട്ടർ സി.ജി.ശങ്കർ, ക്യാമറാമാൻ എസ്.മണി, ബോട്ടിന്റെ ഡ്രൈവർ പി.വിജയകുമാർ എന്നിവരാണ് അറസ്റ്റിലായത്.തുറമുഖത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവർത്തകരെ പിന്നീട് ഹാർബർ പൊലീസിന് കൈമാറുകയായിരുന്നു. ഇവരെ വൈകാതെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ കേരള തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളുടെ ചിത്രങ്ങളെടുക്കരുതെന്ന് എറണാകുളം ഡിസിപി അറിയിച്ചു.
Also Read: അയല്‍ രാജ്യങ്ങളെ ഇനി ആക്രമിക്കില്ല; ക്ഷമചോദിച്ച് ഇറാന്‍; കീഴടങ്ങില്ലെന്ന് ട്രംപിന് മറുപടി
കൊച്ചിൻ ഷിപ്‍യാർഡ്, നാവിക സേനാ ആസ്ഥാനം, കൊച്ചിൻ പോർട്ട് തുടങ്ങിയ സ്ഥലങ്ങളുടെയും പരിസര പ്രദേശങ്ങളുടെയും ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തുന്നതിന് വിലക്കുണ്ട്. മാധ്യമ പ്രവർത്തകരുടെ അറസ്റ്റ് വാർത്ത സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കപ്പലിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത് നീക്കം െചയ്യണമെന്നാവശ്യപ്പെട്ട് കൊച്ചി പൊലീസ് നിർദേശം പുറപ്പെടുവിച്ചത്. കേരള തീരത്തുള്ള കപ്പലുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രസിദ്ധീകരിച്ചത് നീക്കം ചെയ്യണം. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ഇതിന്റെ ലംഘനം ഗൗരവമായി കണക്കാക്കുമെന്നും പൊലീസ് പറഞ്ഞു.
ഇതിനിടെ യുദ്ധകപ്പലിന് അഭയം നല്‍കിയതിന് ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ഇറാന്‍. ഇന്ത്യയിലെ ഇറാന്‍ അംബാസിഡറാണ് നന്ദി അറിയിച്ചത്. IRIS ലവാന്‍ എന്ന കപ്പലാണ് കൊച്ചിതീരത്തുള്ളത്. കപ്പലിന്‍റെ അറ്റകുറ്റപ്പണികള്‍ വൈകാതെ തുടങ്ങും. കപ്പലിലെ 183 ഇറാന്‍ നാവികരെ ദക്ഷിണ നാവികസേനാ കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. സാങ്കേതിക പ്രശ്നങ്ങളുണ്ടായതിനെത്തുടര്‍ന്ന് സഹായം തേടി കഴിഞ്ഞ മാസം 28നാണ് ഐആര്‍ഐഎസ് ലാവനില്‍ നിന്ന് സന്ദേശം ലഭിച്ചത്. പിറ്റേന്ന് അനുമതി നല്‍കി. 4ന് കൊച്ചിയില്‍ എത്തി. അന്ന് പുലര്‍ച്ചെയാണ് ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ദേനയെ ഇന്ത്യന്‍ സമുദ്രത്തില്‍ യുഎസ് സേന ടോര്‍പിഡോ വച്ച് തകര്‍ത്തത്