Untitled design - 1

പലാഷ് മുച്ചലുമായുള്ള വിവാഹത്തില്‍ നിന്ന് പിന്‍മാറി ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ഥന. ഇതുമായി മുന്നോട്ട് പോകുന്നില്ലെന്നും പിന്നില്‍  വ്യക്തിപരമായ കാരണങ്ങളാണെന്നും സ്മൃതി പറയുന്നു. ഇന്‍സ്റ്റഗ്രാമിലാണ് സ്മൃതിയുടെ പ്രതികരണം. 

തന്റെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇരു കുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ലെന്നും രാജ്യത്തിനായി പോരാട്ടം തുടരുമെന്നും സ്മൃതി കുറിച്ചു.  ലോകകപ്പ് നേട്ടത്തിന് പിന്നാലെ നവംബര്‍ 23 ന് ആയിരുന്നു സ്മൃതിയുടെയും പലാഷിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹദിനം പിതാവിന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് വിവാഹം മാറ്റിവച്ചിരുന്നു.

പലാഷ് മറ്റൊരു സ്ത്രീമായി നടത്തിയതെന്ന് കരുതുന്ന സ്വകാര്യ സംഭാഷണത്തിന്‍റെ സ്ക്രീൻഷോട്ടുകൾ ഓൺലൈനിൽ വൈറലായിരുന്നു. വിവാഹത്തിൽ നിന്ന് മാറിയതിന് പിന്നില്‍ പലാഷിന്‍റെ മറ്റുബന്ധങ്ങളാണെന്നുള്ള അഭ്യൂഹവും ശക്തമാണ്. മേരി ഡികോത്ത എന്ന യുവതിയുമായുള്ള വാട്ട്സാപ്പ് ചാറ്റുകളാണ് പുറത്തുവന്നത്.

പലാഷ് മുച്ചലും മേരി ഡികോത്തയും തമ്മില്‍ നടത്തിയതെന്ന് കരുതുന്ന ഇന്‍സ്റ്റഗ്രാം ചാറ്റുകളുടെ സ്ക്രീന്‍ഷോട്ടുകളാണ് സമൂഹമാധ്യമങ്ങളിലുള്ളത്. എന്നാല്‍ ഇതിന് സ്ഥീരികരണമൊന്നും ഉണ്ടായിട്ടില്ല. എങ്കിലും സ്ക്രീന്‍ഷോട്ടുകളില്‍ പലാഷിന്‍റെ പേരും ഐഡിയും ഉണ്ടായിരുന്നു. മേരി ഡികോത്തയുടേത് പ്രൈവറ്റ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ്. മേരി ഡികോത്ത ഒരു ഡാന്‍സ് കൊറിയോഗ്രാഫറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല പലാഷിന്റെയും സ്മൃതിയുടെയും വിവാഹത്തിന് നൃത്തം കൊറിയോഗ്രഫി ചെയ്യാന്‍ ചുമതല ഇവര്‍ക്കായിരുന്നെന്നും ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സ്മൃതിയും പലാഷും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മേരി ചോദിക്കുമ്പോള്‍ സ്മൃതിയുമായുള്ള ബന്ധം ഏകദേശം ഇല്ലാതായതുപോലെ എന്നാണ് പലാഷിന്‍റെ മറുപടി. 'ഡെഡ് മോസ്റ്റ്' എന്നും 'ലോങ്- ഡിസ്റ്റൻസ്' ബന്ധം എന്നുമാണ് പലാഷ് മേരിയോട് പറയുന്നത്. മാത്രമല്ല പലാഷ് മേരിയോട് കാണണമെന്ന് നിര്‍ബന്ധിക്കുന്നതായും ചാറ്റില്‍ കാണാം. യുവതിയെ ഹോട്ടലിലെ പൂളില്‍ ഒരുമിച്ച് നീന്താന്‍ ക്ഷണിക്കുന്നതും സ്പായിലേക്കും ബീച്ചിലേക്കും ക്ഷണിക്കുന്നതുമുണ്ട്.

ഒരുമിച്ച് നീന്താന്‍ പോകാം എന്ന് പറയുമ്പോള്‍ നിങ്ങള്‍ ഡേറ്റിങിലല്ലേ എന്ന് യുവതി ചോദിക്കുന്നു. അതുകൊണ്ട് നമുക്ക് ഒരുമിച്ച് പോകാന്‍ പാടില്ല എന്നില്ല എന്നാണ് മറുപടി. ഞാന്‍ എന്‍റെ അസിസ്റ്റന്‍റിനേയും വിളിക്കാം അപ്പോള്‍ പിന്നെ ഗ്രൂപ്പായിട്ട് പോകുന്നതായേ ആളുകള്‍ക്ക് തോന്നൂ എന്നും ചാറ്റില്‍ പറയുന്നു. സ്ക്രീൻഷോട്ടുകളിൽ യുവതിയുമായുള്ള ഫ്ലര്‍ട്ടിങ് മെസേജുകളുമുണ്ട്.

ചാറ്റുകള്‍ പുറത്തുവിട്ടതാര്?

വിവാഹത്തിന് മുമ്പുള്ള ആഘോഷത്തിനിടെ സ്മൃതിയുടെ കുടുംബത്തിലെ ആരെങ്കിലും ഈ ചാറ്റുകൾ കണ്ടിട്ടുണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്മൃതിയുടെ പിതാവ് ശ്രീനിവാസിന് പെട്ടെന്ന് ദേഹസ്വാസ്ഥ്യം ഉണ്ടാകാന്‍ കാരണം ഇതാണെന്നും പറയപ്പെടുന്നു. സ്ക്രീൻഷോട്ടുകൾ ആദ്യം പങ്കിട്ട യഥാർത്ഥ റെഡ്ഡിറ്റ് ത്രെഡ് ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. എങ്കിലും ഇവ മറ്റു സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇവ ഇപ്പോളും പ്രചരിക്കുന്നുണ്ട്. എങ്കിലും ഇക്കാര്യത്തില്‍ സ്മൃതിയോ പലാഷോ ഇരുവരുടേയും കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഞായറാഴ്ചയായിരുന്നു സ്മൃതിയും പലാഷുമായുള്ള വിവാഹം നടക്കേണ്ടിയിരുന്നത്. 

വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കടന്നതിന് പിന്നാലെയാണ് സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. അച്ഛന്‍ അടുത്തില്ലാതെ വിവാഹം നടത്തേണ്ടെന്ന് സ്മൃതി നിലപാടെടുത്തതോടെയാണ് വിവാഹം മാറ്റി വച്ചത്. അതേസമയം, വൈറല്‍ ഇന്‍ഫെക്ഷന്‍, അസിഡിറ്റി എന്നിവയെ തുടര്‍ന്നാണ് പലാഷ് ആശുപത്രിയില്‍ ചികില്‍സ തേടിയിത്. ആശങ്കാജനകമായ സാഹചര്യമില്ലെന്നും ചികില്‍സ നല്‍കി പലാഷിനെ മടക്കി അയച്ചുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2019ലാണ് സ്മൃതിയും സംഗീത സംവിധായകനായ പലാഷും തമ്മില്‍ പ്രണയത്തിലായത്. 2024 വരെ ഇരുവരും സ്വകാര്യമായി സൂക്ഷിച്ച പ്രണയം കഴിഞ്ഞ വര്‍ഷമാണ് പരസ്യമായത്.

ENGLISH SUMMARY:

Smriti Mandhana cancels her wedding with Palash Muchhal due to personal reasons, amidst circulating rumors of infidelity. The Indian cricketer addressed the speculation on Instagram, requesting privacy for both families and affirming her commitment to her sport.