ക്രിക്കറ്റ് താരം സ്മൃതി മന്ഥനയും പ്രതിശ്രുത വരന്‍ പലാഷ് മുച്ഛലുമായുള്ള വിവാഹം ഡിസംബര്‍ ഏഴിന് നടക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് കുടുംബം. വിവാഹ ദിവസം സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്ക് ഹൃദയാഘാതമുണ്ടായതോടെയാണ് വിവാഹം മാറ്റിവച്ചത്. പിന്നാലെ പലാഷും അസിഡിറ്റി പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. ഇരുവരും പിന്നീട് ആശുപത്രി വിട്ടു. പിതാവ് ആശുപത്രിയിലായി മണിക്കൂറുകള്‍ക്കകം വിവാഹം മാറ്റി വയ്ക്കുകയും പ്രൊപ്പോസല്‍ വിഡിയോയടക്കം സ്മൃതി തന്‍റെ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കുകയും ചെയ്തിരുന്നു. 

നിലവില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നും തന്‍റെ അറിവില്‍ ഇപ്പോഴും വിവാഹം മാറ്റിവച്ചിരിക്കുകയാണെന്നും സ്മൃതിയുടെ സഹോദരന്‍ ശ്രാവന്‍ മന്ഥന മാധ്യമങ്ങളോട് പ്രതികരിച്ചു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് മാറ്റി വച്ച വിവാഹം ഞായറാഴ്ച നടക്കുമെന്ന് വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ കുടുംബം വാര്‍ത്ത നിഷേധിച്ചു,പുതിയ തീയതി പ്രഖ്യാപിച്ചിട്ടുമില്ല. 

വിവാഹത്തിയതി പിന്നീട് പരസ്യപ്പെടുത്താതിരിക്കുകയും സ്മൃതിയുടെ സുഹൃത്തുക്കളടക്കം വിവാഹത്തലേന്നത്തെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളില്‍ മേരി ഡി കോത്തയുടെയും പലാഷിന്‍റെയും പഴയ ചാറ്റും പ്രചരിച്ചു. സ്മൃതിയുമായി പ്രണയത്തിലായിരിക്കെ പലാഷ് , യുവതിയുമായി  ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതായിരുന്നു ചാറ്റിലെ ഉള്ളടക്കം. താനും പലാഷുമായി ബന്ധമുണ്ടായിട്ടില്ലെന്ന് മേരി തന്നെ പിന്നീട് വെളിപ്പെടുത്തി. ഒരുമാസത്തെ പരിചയം മാത്രമേയുള്ളൂവെന്നും അനാവശ്യ വിവാദങ്ങളില്‍ നിന്നൊഴിയണമെന്നുമായിരുന്നു അവരുടെ അഭ്യര്‍ഥന. ഇതിന് പിന്നാലെ കോറിയോഗ്രാഫറുമായി ബന്ധപ്പെട്ടും പലാഷിന്‍റെ പേര് പ്രചരിച്ചു. പലാഷ് സ്മൃതിയെ ചതിച്ചുവെന്നും അവിചാരിതമായി വിവാഹ ദിവസം ഇക്കാര്യം പുറത്തായെന്നും ഇതാണ് വിവാഹം മാറ്റിവയ്ക്കാനുള്ള കാരണമെന്നുമെല്ലാം വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളോടൊന്നും തന്നെ ഇരു കുടുംബങ്ങളും പ്രതികരിച്ചിട്ടില്ല. 

ENGLISH SUMMARY:

Reports suggest a major setback to the wedding of cricketer Smriti Mandhana and music composer Palash Muchhal, initially scheduled for December 7. The ceremony was postponed after Smriti's father, Srinivas Mandhana, suffered a heart attack hours before the event, followed by Palash being hospitalized for acidity issues. Smriti's brother, Shravan Mandhana, confirmed to media that the wedding is still postponed, denying recent online rumors that the ceremony would take place this Sunday. Adding to the controversy, Smriti removed her proposal video from social media, and old chats surfaced alleging Palash tried to establish a relationship with another woman (Mary D'cotha) while engaged to Smriti, a claim Mary later denied. Both families have remained silent regarding the various reasons speculated for the postponement.