ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയുടെ വിവാഹം മാറ്റിവച്ചതിന് പിന്നില്‍ വരന്‍ പലാഷ് മുച്ചലിന്‍റെ മറ്റുബന്ധങ്ങളെന്ന് അഭ്യൂഹം. പലാഷ് മറ്റൊരു സ്ത്രീമായി നടത്തിയതെന്ന് കരുതുന്ന സ്വകാര്യ സംഭാഷണത്തിന്‍റെ സ്ക്രീൻഷോട്ടുകൾ ഓൺലൈനിൽ വൈറലായിരുന്നു. ഇതേ തുടര്‍ന്നാണ് സമൂഹമാധ്യമങ്ങളില്‍ ഇത്തരത്തിലൊരഭ്യൂഹം പ്രചരിക്കുന്നത്. ഞായറാഴ്ചയായിരുന്നു സ്മൃതിയും പലാഷുമായുള്ള വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹം മാറ്റിവെച്ചതിന് പിന്നാലെ സ്മൃതി തന്‍റെ സമൂഹമാധ്യമങ്ങളില്‍ നിന്ന് വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളും നീക്കം ചെയ്തിരുന്നു.

റെഡ്ഡിറ്റിലും ഇൻസ്റ്റാഗ്രാമിലും എക്സിലും പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടുകളാണ് വിവാദങ്ങള്‍ക്ക് പിന്നില്‍. മേരി ഡികോത്ത എന്ന യുവതിയോടപ്പമുള്ള വാട്ട്സാപ്പ് ചാറ്റുകളാണിതെന്നാണ് കരുതുന്നത്. അവര്‍ തന്നെയാണ് സ്ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ടതെന്നും കരുതുന്നു. യുവതിയെ ഹോട്ടലിലെ പൂളില്‍ ഒരുമിച്ച് നീന്താന്‍ ക്ഷണിക്കുന്നതും സ്മൃതിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളും പലാഷിന്‍റെ മറുപടികളുമാണ് ചാറ്റിലുള്ളത്. പ്രണയാതുരമായ സന്ദേശങ്ങളും ചാറ്റുകളിലുണ്ട്. സ്ക്രീൻഷോട്ടുകളിൽ യുവതിയുടെ രൂപഭംഗിയെ പ്രശംസിക്കുകയും ചെയ്യുന്നു. സ്പായിലേക്കും ബീച്ചിലേക്കും അടക്കം ക്ഷണിക്കുന്നതും ചാറ്റുകളിലുണ്ട്. 

അതേസമയം, ഇത് പലാഷിന്‍റെ ചാറ്റുകള്‍ തന്നെയാണ് എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും സ്ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായ ചർച്ചകൾക്കും അഭ്യൂഹങ്ങള്‍ക്കും കാരണമായിട്ടുണ്ട്. പലരും പലാഷിനെ വിമര്‍ശിച്ച് രംഗത്തെത്തി. അതേസമയം, സ്മൃതിയുടെ കുടുംബം സങ്കീര്‍ണമായ സഹാചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മറ്റുചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ വിവാഹം മാറ്റിവച്ചതിന് പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളും സ്മൃതി നീക്കം ചെയ്തതാണ് ഊഹാപോഹങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നത്. 

വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കടന്നതിന് പിന്നാലെയാണ് സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. അച്ഛന്‍ അടുത്തില്ലാതെ വിവാഹം നടത്തേണ്ടെന്ന് സ്മൃതി നിലപാടെടുത്തതോടെയാണ് വിവാഹം മാറ്റി വച്ചത്. അതേസമയം, വൈറല്‍ ഇന്‍ഫെക്ഷന്‍, അസിഡിറ്റി എന്നിവയെ തുടര്‍ന്നാണ് പലാഷ് ആശുപത്രിയില്‍ ചികില്‍സ തേടിയിത്. ആശങ്കാജനകമായ സാഹചര്യമില്ലെന്നും ചികില്‍സ നല്‍കി പലാഷിനെ മടക്കി അയച്ചുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2019ലാണ് സ്മൃതിയും സംഗീത സംവിധായകനായ പലാഷും തമ്മില്‍ പ്രണയത്തിലായത്. 2024 വരെ ഇരുവരും സ്വകാര്യമായി സൂക്ഷിച്ച പ്രണയം കഴിഞ്ഞ വര്‍ഷമാണ് പരസ്യമായത്.

ENGLISH SUMMARY:

The postponement of the wedding between cricketer Smriti Mandhana and music composer Palash Muchhal has sparked rumors online, fueled by viral screenshots of alleged private chats between Palash and another woman named Mary D'Costa. The chats reportedly contain romantic messages and pool invitations, and address questions about his relationship with Smriti. Following the postponement, reportedly due to Smriti's father's sudden hospitalization, Smriti removed wedding-related pictures and videos from her social media, intensifying speculation about Palash's alleged infidelity. While the authenticity of the screenshots remains unconfirmed, they have led to widespread criticism against Palash and pleas from some users not to spread unverified information during a sensitive time for the family.