സംസ്ഥാന സ്കൂള്‍ ഒളിംപിക്സില്‍ തിരുവനന്തപുരത്തിന് കനകക്കിരീടം. അത്ലറ്റിക്സില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ മലപ്പുറം ഇത്തവണയും ചാംപ്യന്‍മാരായി. മലപ്പുറത്തെ ഐഡിയല്‍ കടകശ്ശേരിയാണ് അത്‌ലറ്റിക്സിലെ സ്കൂള്‍ ചാംപ്യന്‍. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറില്‍ നിന്നും വിജയികള്‍ കിരീടം ഏറ്റുവാങ്ങും.
ഗെയിംസില്‍ മാത്രം 1107 പോയിന്‍റാണ് തിരുവനന്തപുരം നേടിയത്. 649 പോയിന്‍റുമായി നീന്തല്‍ മെഡലുകളും ആതിഥേയര്‍ മൂങ്ങിവാരി. അങ്ങനെ ആകെ 203 സ്വര്‍ണവും, 347 വെള്ളിയും 171 വെങ്കലവുമായി 1825 പോയിന്‍റുമായാണ് കിരീടധാരണം. രണ്ടാം സ്ഥാനത്തുള്ള തൃശൂരിന് 892 പോയിന്‍റ് മാത്രമാണുള്ളത്. 859 പോയിന്‍റുമായി കണ്ണൂരാണ് മൂന്നാമത്. അത്‌ലറ്റിക്സില്‍ പോരാട്ടം കടുത്തതായിരുന്നു. ട്രാക്കില്‍ ഇന്ന് നടന്ന 400, 4*100 റിലേ മത്സരങ്ങള്‍ക്കൊടുവിലാണ് പാലക്കാടിനെ പിന്തള്ളി മലപ്പുറം കിരീടം നിലനിര്‍ത്തിയത്. മലപ്പുറം 247 പോയിന്‍റ് നേടിയപ്പോള്‍ പാലക്കാട് 212 പോയിന്‍റ് സ്വന്തമാക്കി. സീനിയര്‍ വിഭാഗത്തിലെ രണ്ട് റിലേ മത്സരങ്ങളിലും സ്വര്‍ണം മലപ്പുറത്തിന്.
സീനിയര്‍ ആണ്‍കുട്ടികളുടെ റിലേയില്‍ മീറ്റ് റെക്കോഡോടെയായിരുന്നു മലപ്പുറത്തിന്‍റെ സ്വര്‍ണം. സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ റിലേയില്‍ പാലക്കാടിന്‍റെ സ്വര്‍ണവും റെക്കോഡ് തിരുത്തിയാണ്. ജൂനിയര്‍ പെണ്‍കുട്ടികളുടെ നാനൂറ് മീറ്ററില്‍ സ്വര്‍ണം പാലക്കാട് വി.എച്ച്.എസ്.എസ് വടവന്നൂരില്‍ നിവേദ്യ മീറ്റിലെ താരമായി.
800, 1500 മീറ്ററുകളിലും നിവേദ്യ സ്വര്‍ണം നേടിയിരുന്നു. സ്കൂളുകളില്‍ ഐഡിയല്‍ കടകശ്ശേരി തുടര്‍ച്ചയായ നാലാം തവണയാണ് ഒന്നാമതെത്തുന്നത്. 8 സ്വര്‍ണവും 10 വെള്ളിയും 8 വെങ്കലവുമായി ആകെ 78 പോയിന്‍റ് ആണ് കടകശ്ശേരി നേടിയത്. പാലക്കാട് വി.എം.എച്ച്.എസ് വടവന്നൂര്‍ രണ്ടാം സ്ഥാനവും നാവാമുകുന്ദ എച്ച്.എസ്.എസ് തിരുനാവായ മൂന്നാം സ്ഥാനവും നേടി.