chennai-volleyball

ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗില്‍ ബുധനാഴ്ച്ച നടന്ന മത്സരത്തില്‍ ചെന്നൈ ബ്ലിറ്റ്‌സിന് തകര്‍പ്പന്‍ ജയം. അഞ്ച് സെറ്റ് ത്രില്ലറില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ തോല്‍പിച്ചു. സകോര്‍ 15-10, 10-15, 15-11, 12-15, 15-13. ചെന്നൈയെ മുന്നില്‍ നിന്ന് നയിച്ച ജെറോം വിനിത് ആണ് കളിയിലെ താരം. ജയത്തോടെ ചെന്നൈ ആറാം സ്ഥാനത്തേക്കുയര്‍ന്നു. ചെന്നൈയുടെ മൂന്നാം ജയമാണിത്. ക്യാപ്റ്റന്‍ ജെറോം ആക്രമണത്തിന് നേതൃത്വം നല്‍കിയതോടെ ചെന്നൈ തുടക്കം മികച്ചതാക്കി.

ഒരു മികച്ച സൂപ്പര്‍ സെര്‍വിലൂടെ അഹമ്മദാബാദിന്‍റെ പ്രതിരോധത്തെ പരീക്ഷിച്ച ജെറോം ചെന്നൈക്ക് മുന്‍തൂക്കം നല്‍കി. മുത്തുസാമി അപ്പാവ് അഹമ്മദാബാദിനെ കളിയിലേക്ക് തിരികെയെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ബറ്റൂര്‍ ബാറ്റ്‌സൂരിയുടെ ഷോട്ടിലെ പിഴവ്, ചെന്നൈ ബ്ലിറ്റിസിന് നിര്‍ണായകമായ ഒരു സൂപ്പര്‍ പോയിന്റ് നേടിക്കൊടുത്തു. പ്രതിരോധത്തില്‍ അഖിന്‍ അഹമ്മദാബാദിനായി സ്വാധീനം ചെലുത്തി.

ബാറ്റ്‌സൂരിയുടെ ക്രോസ്‌ബോഡി സ്‌പൈക്കുകള്‍ കൃത്യമായി ലക്ഷ്യത്തിലെത്തിയതോടെ, ചെന്നൈ വീണ്ടും സമ്മര്‍ദത്തിലായി. അങ്കമുത്തുവിന്‍റെ പ്രകടനം രണ്ടാം സെറ്റ് അഹമ്മദാബാദിന് അനുകൂലമാക്കി. തരുണ്‍ ഗൗഡയുടെ സൂപ്പര്‍ സെര്‍വ് ചെന്നൈയുടെ ആത്മവിശ്വാസം വീണ്ടെടുത്തു. തന്‍റെ ആദ്യ മത്സരം കളിച്ച അസീസ്‌ബെക്ക് കുച്‌കോറോവ്, അഹമ്മദാബാദിന്‍റെ ആക്രമണങ്ങള്‍ തടയാന്‍ മികച്ച ബ്ലോക്കുകള്‍ നടത്തി. ലൂയിസ് പെറോറ്റോ കൂടി ബ്ലിറ്റ്‌സിനായി ആക്രമണത്തില്‍ ചേര്‍ന്നതോടെ കളി വീണ്ടും മാറിമറിഞ്ഞു.

നന്ദഗോപാലിന്‍റെ സര്‍വീസ് ചെന്നൈ നിരയില്‍ സമ്മര്‍ദം സൃഷ്ടിച്ചു. സെറ്റര്‍ സമീറിന്റെ ശക്തമായ പാസിങും സൂരജ് ചൗധരിയുടെ മികച്ച പ്രതിരോധവും വിഫലമായി, ഒരു സൂപ്പര്‍ സെര്‍വിലൂടെ അഹമ്മദാബാദ് മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അവസാന സെറ്റില്‍ അസീസ്‌ ബെക്കിന്‍റെ മികച്ച പ്രതിരോധം അഹമ്മദാബാദിന്‍റെ മുന്നേറ്റത്തെ തടഞ്ഞു.

പെറോറ്റോയും മുത്തുസാമിയും ചേര്‍ന്ന് മികച്ച പ്രതിരോധം സൃഷ്ടിച്ച് നിര്‍ണായകമായ ഒരു സൂപ്പര്‍ പോയിന്റും നേടി. ജെറോമിന്റെ മികച്ച പ്രകടനത്തിലൂടെ അവിസ്മരണീയ ജയവും ചെന്നൈ സ്വന്തംപേരിലാക്കി. ഇന്ന് വൈകിട്ട് 6.30ന് ഗോവ ഗാര്‍ഡിയന്‍സ് ഹൈദാരാബാദ് ബ്ലാക് ഹോക്‌സിനെ നേരിടും.

 
ENGLISH SUMMARY:

Prime Volleyball League saw Chennai Blitz secure a thrilling five-set victory against Ahmedabad Defenders. The win propels Chennai to sixth place in the league standings.