ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ അഴിച്ചുപണി. അടുത്ത സീസണില്‍ ടെസ്റ്റ് പദവിയുള്ള 12 രാജ്യങ്ങളും ഒറ്റ ഡിവിഷനില്‍ മല്‍സരിക്കാന്‍ സാധ്യത. ഏകദിന സൂപ്പർ ലീഗ് പുനരാരംഭിക്കുന്ന കാര്യവും ഐസിസിയുടെ പരിഗണനയിലുണ്ട്. ടീമുകളെ രണ്ട് തട്ടുകളായി തിരിക്കാനുള്ള പദ്ധതിക്ക് വേണ്ടത്ര പിന്തുണയില്ലാതായതോടെയാണ് പുതിയ നീക്കം. ഡിവിഷൻ രണ്ടിലെ ടീമുകളെ സഹായിക്കാൻ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ, സാമ്പത്തിക സഹായം നൽകണമെന്ന നിർദേശം വന്നെങ്കിലും, ചർച്ചകൾ അധികം മുന്നോട്ടുപോയില്ല.
ഡിവിഷൻ രണ്ടിൽ ഉൾപ്പെടാൻ സാധ്യതയുള്ള വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ, വലിയ ടീമുകളുമായി കളിക്കാൻ അവസരങ്ങൾ കുറയുമെന്ന ഭയത്താൽ ആശയത്തെ എതിർത്തു. ഇതിനു പകരമായി, 12 ടീമുകളുള്ള ലോക ടെസ്റ്റ് ചാംപ്യൻഷിപ്പാണ് പ്രവർത്തക സമിതി നിർദേശിക്കുന്നത്. 2027 ജൂലൈയിൽ ആരംഭിക്കുന്ന അടുത്ത സൈക്കിളിൽ, അഫ്ഗാനിസ്ഥാൻ സിംബാബ്‌വെ, അയർലൻഡ് എന്നിവരെക്കൂടി ഉൾപ്പെടുത്തിയേക്കാം.
പരിമിത ഓവർ ഫോർമാറ്റുകളിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. 2023 ലോകകപ്പിന് ശേഷം നിർത്തലാക്കിയ ഏകദിന സൂപ്പർ ലീഗ് പുനരുജ്ജീവിപ്പിച്ചേക്കാം. ഏകദിന ലോകകപ്പിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കാൻ ഇപ്പോൾ നീക്കമില്ല. എന്നാല്‍ ട്വന്റി 20 ലോകകപ്പില്‍ ഘട്ടം ഘട്ടമായി 32 ടീമുകളാക്കി ഉയര്‍ത്തണമെന്ന ആവശ്യമുയരുന്നുണ്ട്.