ടെന്നിസ് താരം രോഹന്‍ ബൊപ്പണ്ണ വിരമിച്ചു. രണ്ടുപതിറ്റാണ്ട് നീണ്ട കരിയറിനാണ് പാരിസില്‍ അവസാനമായത്. ലോകത്തിലെ ഏറ്റവും പ്രായമേറിയ ഗ്രാന്‍സ്ലാം ജേതാവായ ബൊപ്പണ്ണ ഇന്ത്യയിലേക്ക് ഗ്രാന്‍സ്ലാം കിരീടമെത്തിച്ച നാലുതാരങ്ങളില്‍ ഒരാളാണ്.
43-ാം വയസില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സ് കിരീടം. ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക്. 43-ാം ലവലിലാണ് താന്‍ കളിക്കുന്നതെന്ന് പറഞ്ഞ ഈ കൂർഗുകാരൻ പ്രായം വെറും സഖ്യമാത്രമെന്ന വരികള്‍ക്ക് കോര്‍ട്ടിലെ ഉദാഹരണമായി. രണ്ട് മാസങ്ങൾക്കിപ്പുറം ബൊപ്പണ്ണ തന്‍റെ പെർഫോമൻസ് ഒരു ലവൽ കൂടി ഉയര്‍ത്തി. 44–ാം വയസ്സിൽ എടിപി മാസ്റ്റേഴ്സ് 1000 നേടി സ്വന്തം റെക്കോര്‍ഡ് തിരുത്തി.
ലിയാന്‍ഡര്‍ പേസ്–മഹേഷ് ഭൂപതി യുഗത്തിന് ശേഷം ഡബിള്‍സ് കോര്‍ട്ടില്‍ ഇന്ത്യയുടെ മേല്‍വിലാസമായി രോഹന്‍ ബൊപ്പണ്ണ. ലിയാന്‍ഡര്‍ പേസിന് ശേഷം ഒന്‍പത് എടിപി മാസ്റ്റേഴ്സ് ടൂർണമെന്‍റുകളുടെയും ഫൈനൽ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ്. 2002ല്‍ ഓസ്ട്രേലിയയ്ക്കെതിരെ ഡേവിസ് കപ്പില്‍ ഇന്ത്യന്‍ ജേഴ്സിയണിഞ്ഞ ബൊപ്പണ്ണ ഒരുപതിറ്റാണ്ടുകാലം രാജ്യത്തെ നയിച്ചു.
2017ലായിരുന്നു ആദ്യ ഗ്രാന്‍സ്ലാം നേട്ടം. ഫ്രഞ്ച് ഓപ്പണില്‍ മിക്സഡ് ഡബിള്‍ കിരീടം. ജക്കാര്‍ത്ത, ഹാങ്ചോ ഏഷ്യന്‍ ഗെയിംസുകളില്‍ സ്വര്‍ണം. റിയോ ഒളിംപിക്സില്‍ സാനിയ–ബൊപ്പണ്ണ സഖ്യം വെങ്കലമെഡലിന് തൊട്ടരികെ തോറ്റത് കരിയറിലെ വലിയ നിരാശയായി. പാരിസ് മാസ്റ്റേഴ്സിലെ തോല്‍വിക്ക് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനമെത്തിയത്. കളമൊഴിഞ്ഞെങ്കിലും ബൊപ്പണ്ണ ടെന്നിസ് അക്കാദമിയിലൂടെ ഇനിയുമേറെ ശിഷ്യര്‍ ഇന്ത്യയ്ക്ക് അഭിമാനമാകുമെന്ന് ഉറപ്പ്.