ടെന്നിസ് കളിച്ച് വെറും ഒരു പോയിന്റെങ്കിലും നേടാന്‍ പറ്റുമെന്ന ആത്മവിശ്വാസമുള്ളവരാണോ നിങ്ങള്‍. എങ്കില്‍ ഓസ്ട്രേലിയയിലേക്ക് വിട്ടോ. ഒരു പോയിന്റ് നേടിയാല്‍ കിട്ടാന്‍ പോകുന്നത് അഞ്ചരക്കോടി രൂപയാണ്. ഇനി നേരിടേണ്ടത് ആരെയാണെന്ന് കൂടി നോക്കാം
വണ്‍ പോയിന്റ് സ്ലാം.... പേരുപോലെ ഒരു പോയിന്റ് നേടി മുന്നേറിയാല്‍ കപ്പടിക്കാം. അഞ്ചരക്കോടി രൂപയും സമ്മാനമായി കിട്ടും. അടുത്തവര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന് മുന്നോടിയായാണ് വണ്‍ പോയിന്റ് സ്ലാം. ആറ് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള ലോക ഒന്നാം നമ്പര്‍ താരം സാക്ഷാല്‍ കാര്‍ലോസ് അല്‍ക്കരാസിനെയാണ് നേരിടേണ്ടന്നത് എന്നുമാത്രം. അല്‍ക്കരാസിനെ കൂടാതെ 22 പ്രഫഷണല്‍ താരങ്ങള്‍ വണ്‍ പോയിന്റ് സ്ലാമില്‍ പങ്കെടുക്കും. 10 അമച്വര്‍ താരങ്ങള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. ഓസ്ട്രേലിയന്‍ ഓപ്പണ്‍ നടക്കുന്ന മെല്‍ബണ്‍ പാര്‍ക്കിലായിരിക്കും മല്‍സരം. ആര് സര്‍വ് ചെയ്യുമെന്ന് തീരുമാനിക്കാന്‍ ടോസ് അല്ല റോക്ക് പേപ്പര്‍ സിസര്‍ കളിയാണ്. ഓരോ മല്‍സരത്തിലും ആദ്യ പോയിന്റ് നേടുന്നയാള്‍ അടുത്ത റൗണ്ടിലേക്ക്. പ്രഫഷണല്‍ താരങ്ങള്‍ക്ക് ഒറ്റ സര്‍വ് മാത്രം. പിഴവുസംഭവിച്ചാല്‍ അമച്വര്‍ താരം കളിജയിക്കും. ഫൈനലിലെത്തി ചാംപ്യനായാല്‍ ഒരു മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ കയ്യിലിരിക്കും.