Image Credit: X

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഓസീസ് ഫാസ്റ്റ് ബോളര്‍ ഹെന്‍‌റി ത്രോട്ടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാന്‍പുറില്‍ നടക്കുന്ന ഇന്ത്യ എ– ഓസ്ട്രേലിയ എ  ഏകദിന പരമ്പരയ്ക്കിടെയാണ് സംഭവം. കടുത്ത വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ത്രോന്‍ട്ടനെ കാന്‍പുറിലെ റീജന്‍സി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ടീം താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ത്രോട്ടന് അസ്വാസ്ഥ്യം ഉണ്ടായത്.

ടീം മാനേജ്മെന്‍റ് ത്രോട്ടനെ ആദ്യം പരിചരിച്ചുവെങ്കിലും സ്ഥിതിയില്‍ മാറ്റമില്ലാതായതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, കാന്‍പുറിലെത്തുന്നതിന് മുന്‍പ് തന്നെ ത്രോട്ടന് വയറ്റില്‍ അസ്വസ്ഥതയുണ്ടായിരുന്നുവെന്നും ഭക്ഷണം കഴിച്ചതോടെ സ്ഥിതി വഷളായതാണെന്നും ടീം മാനേജ്മെന്‍റ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. താരത്തിന് പുറമെ മൂന്ന് സഹതാരങ്ങള്‍ക്കും ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ടീമിന്‍റെ ഭക്ഷണം പുനഃക്രമീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സ്ഥിതിയില്ലെന്നും മാനേജ്മെന്‍റ് അറിയിച്ചു.

അതേസമയം ഓസ്ട്രേലിയ എയ്ക്കെതിരെ തിലക് വര്‍മ 94 റണ്‍സ് നേടി. 246 എന്ന ഭേദപ്പെട്ട സ്കോറാണ് ഇന്ത്യ നേടിയത്. എന്നാല്‍ മൂന്ന് മണിക്കൂര്‍ മഴ കളിച്ചതോടെ ഡക്ക്സ്​വര്‍ത്ത് ലൂയിസ് നിയമപ്രകാരം 25 ഓവറായി കളി വെട്ടിച്ചുരുക്കി 160 റണ്‍സായി വിജയലക്ഷ്യം നിശ്ചയിച്ചു. മകെന്‍സി ഹാര്‍വിയും (49 പന്തില്‍ 70) കൂപ്പര്‍ കൊണോലി (31 പന്തില്‍ 50)യും തകര്‍ത്തടിച്ചതോടെ 16.4 ഓവറില്‍ ഓസീസ് വിജയം കണ്ടു. 22 ഫോറുകളും ആറ് സിക്സറുകളുമാണ് ഓസീസ് താരങ്ങള്‍ അടിച്ചുകൂട്ടിയത്. നാലോവറില്‍ അര്‍ഷ്ദീപ് 44 റണ്‍സും വഴങ്ങി. ജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ പരമ്പര 1–1 എന്ന നിലയിലാണ്. ഞായറാഴ്ചയാണ് അടുത്ത മല്‍സരം. 

ENGLISH SUMMARY:

Food poisoning sidelines Australian bowler. Henry Thronton was hospitalized in Kanpur during the India A vs Australia A series after suffering from severe stomach pain, prompting a team management response and dietary adjustments.