TOPICS COVERED

കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് കയ്യടിച്ച് സ്പെയിനില്‍ നിന്നുള്ള സോളോ ട്രാവലര്‍. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ അനുഭവമാണ് സ്പെയിനുമായി താരതമ്യം ചെയ്ത് വെറോനിക തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ഒരു സര്‍ക്കാര്‍ ആശുപത്രി ഇങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നത്, തന്നെ സംബന്ധിച്ച് അവിശ്വസനീയമായ കാര്യമാണെന്നും അവര്‍ പറയുന്നു. 

തന്റെ നാടായ സ്പെയിനില്‍ ഒരു ഡെർമറ്റോളജിസ്റ്റിനെ കാണണമെങ്കിൽ ഏകദേശം എട്ടു മാസത്തോളം കാത്തിരിക്കണം, എന്നാലിവിടെ അങ്ങനെയല്ല, നേരത്തേ ബുക്കിങ് എടുക്കണ്ട, നേരെ ആശുപത്രിയിലേക്ക് എത്തിയാല്‍ മതി, റജിസ്റ്റര്‍ ചെയ്ത് പത്തുമിനിറ്റില്‍ താഴെ കാത്തിരുന്നാല്‍ മതി. ഡോക്ടറെ ഉടന്‍ കാണാമെന്നും , ഇത് തന്നെ അദ്ഭുതപ്പെടുത്തിയ കാര്യമാണെന്നും വെറോനിക പറയുന്നു. 

ഇന്ത്യയിൽ മുഴുവൻ സ്ഥലത്തും ഇതേ രീതിയാണോ എന്നുതനിക്ക് അറിയില്ലെന്നും വെറോനിക പറയുന്നുണ്ട്.  വെറോനികയുടെ ഈ സംശയത്തിന് മറുപടിയായി ചിലര്‍ വിഡിയോക്ക് താഴെ കമന്റുകള്‍ നല്‍കുന്നുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുണ്ടായ അനുഭവം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പ്രതീക്ഷിക്കരുതെന്നും ആളുകള്‍ പ്രതികരിക്കുന്നുണ്ട്.  

‘ഇന്ത്യയിലെ പബ്ലിക് ആശുപത്രിയിലെ അനുഭവം’ എന്ന അടിക്കുറിപ്പോടെയാണ് വെറോനിക വിഡിയോ പങ്കുവച്ചിരിക്കുന്നത്. സോളോ ട്രാവലറായ വെറോനിക കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ യാത്ര നടത്തി വരികയാണ്. ലക്ഷക്കണക്കിനാളുകള്‍ വെറോനികയുടെ ഈ റീൽ കണ്ടുകഴിഞ്ഞു. കേരളത്തിലേക്ക് വീണ്ടും വരണമെന്നു ക്ഷണിച്ചു കൊണ്ടുള്ള നിരവധി കമന്റുകളാണ് ഈ റീലിന് ലഭിച്ചിരിക്കുന്നത്.

www.instagram.com Reenu
ENGLISH SUMMARY:

Kerala healthcare is praised by a Spanish solo traveler. The traveler, Veronica, shared her positive experience at Alappuzha General Hospital, comparing it favorably to healthcare in Spain and highlighting the efficiency and accessibility of the government hospital.